കുമ്പള: റെയില്‍വേ സ്റ്റേഷന്‍മാസ്റ്ററുടെയും, ജീവനക്കാരുടെയും നിര്‍ദ്ദേശവും, മുന്നറിയിപ്പും വിദ്യാര്‍ത്ഥികള്‍ അവഗണിക്കുന്നു. കുമ്പള റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ റയില്‍പ്പാളം മുറിച്ചു കടന്നു ട്രെയിന്‍ കയറുന്നത് പതിവാക്കിയിരിക്കുന്നു. ഇതു റെയില്‍വേ ജീവനക്കാരെ ആശങ്കപ്പെടുത്തുകയാണ്.
ഇവിടെ മേല്‍പ്പാല സൗകര്യം ഉണ്ടായിട്ടും വിദ്യാര്‍ത്ഥികള്‍ അത് ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് പരാതി.
സ്റ്റേഷന്‍ മാസ്റ്ററും, ജീവനക്കാരും പലപ്രാവശ്യവും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് ചെവി ക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം. ട്രെയിന്‍ സമയം അറിയിക്കാനുള്ള അനൗണ്‍സ്‌മെന്റ് സംവിധാനവും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെയും പാളം മുറിച്ച് കടക്കാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കാറുമുണ്ട്. മംഗളൂരു-കാസര്‍കോട് റൂട്ടില്‍ ഇപ്പോള്‍ ‘വന്ദേ ഭാരതടക്കം’ കൂടുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. ആഘോഷ സീസണുകളില്‍ അനുവദിക്കുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ വേറെയും. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ പാളം മുറിച്ച് കടക്കുന്നത് വളരെ ആശങ്കയോടെയാണ് സ്റ്റേഷന്‍ ജീവനക്കാരും, സ്റ്റേഷനില്‍ എത്തുന്ന മറ്റു യാത്രക്കാരും നോക്കിക്കാണുന്നത്.