ബംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എ മുനിരത്ന നായിഡുവിനെതിരെയും മറ്റു ആറുപേര്‍ക്കുമെതിരയും 40 കാരിയുടെ പീഡന പരാതി. 2020 മുതല്‍ രണ്ട് വര്‍ഷത്തോളം തന്നെ എംഎല്‍എ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. മുനിരത്നയ്ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ ബലാത്സംഗം, ലൈംഗികാതിക്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. കഗ്ഗലിപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം നടന്നതെന്ന 40 കാരിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ബുധനാഴ്ച രാത്രിയാണ് യുവതി പരാതി നല്‍കിയത്. ഒരു സാമൂഹിക പ്രവര്‍ത്തകയെ ഹണി ട്രാപ്പ് ചെയ്ത് ബ്ലാക്ക്മെയില്‍ ചെയ്‌തെന്നും സ്വകാര്യ വീഡിയോകള്‍ റെക്കോര്‍ഡുചെയ്തുവെന്നുമാരോപിച്ചാണ് മുനിരത്നയ്ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പീഡനം, ഭീഷണി, ജാതി അധിക്ഷേപം എന്നീ കുറ്റങ്ങള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്‍ മന്ത്രി കൂടിയായ ബിജെപി എംഎല്‍എയ്ക്കെതിരായ പുതിയ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. അതിക്രമക്കേസില്‍ അറസ്റ്റിലായ നായിഡു ഇപ്പോള്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.