ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയില്‍ കെ.വി ജെട്ടിക്കു സമീപത്തുണ്ടായ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. വള്ളിക്കുന്നം സ്വദേശി സത്താര്‍ (50), മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഇടിച്ചാണ് അപകടം. കാറില്‍ ഉണ്ടായിരുന്ന മറ്റു നാലു പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ആലിയയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് പിതാവ് സത്താര്‍ വിദേശത്തു നിന്നു നാട്ടിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ സത്താറിനെയും കൂട്ടി വീട്ടിലേക്കു പോകുന്നതിനിടയിലായിരുന്നു അപകടം.
വ്യാഴാഴ്ച പുലര്‍ച്ചെ തൃശൂര്‍, തൃപ്രയാര്‍ സെന്ററിനു സമീപത്തു ഉണ്ടായ മറ്റൊരു വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. വലപ്പാട്, കോതകുളം, ബീച്ച് സ്വദേശി ആശിര്‍വാദ്, വലപ്പാട്, മാലാവളപ്പ് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.