കണ്ണൂര്‍: അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ചക്കരക്കല്ല്, അഞ്ചരക്കണ്ടി, മുരിങ്ങേരിയിലെ കെ.എന്‍ ഷാജി(53)യെയാണ് ചക്കരക്കല്ല് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. വൃദ്ധമാതാവ് പുഷ്പവല്ലി (73)യെയാണ് കൊല്ലാന്‍ ശ്രമിച്ചത്. പുഷ്പവല്ലിക്ക് മകന്‍ നേരത്തെ അഞ്ചു ലക്ഷം രൂപ നല്‍കിയിരുന്നു. ഇതു തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം മദ്യലഹരിയിലെത്തിയ ഷാജി മാതാവിനോട് പണം തിരികെ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മാതാവിനെ കിണറ്റിന്റെ ആള്‍മറയോട് ചേര്‍ത്തു നിര്‍ത്തി തള്ളിയിടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. കുതറിമാറിയിരുന്നില്ലെങ്കില്‍ മരണം സംഭവിക്കുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുഷ്പവല്ലി പൊലീസില്‍ പരാതി നല്‍കിയത്.