ഡോ. പി.സി.അഷറഫ്
(അസോ. പ്രൊഫസര്‍, ഗവ. കോളേജ്,
എളേരിത്തട്ട്)
തുളു മാതൃഭാഷയായുള്ള ജനങ്ങളുടെ നാടാണ് തുളുനാട്. തുളുനാടിന്റെ അതിരുകളെക്കുറിച്ച് പല അഭിപ്രായങ്ങളാണ്. വടക്ക് ഗോകര്‍ണ്ണം മുതല്‍ തെക്ക് ചന്ദ്രഗിരിപ്പുഴ വരെയുള്ള ഭൂപ്രദേശമാണ് തുളുനാടെന്നൊരഭിപ്രായം. കെളദി നായകന്മാര്‍ ഈ പ്രദേശം കയ്യടക്കുന്നതുവരെ ഗോകര്‍ണ്ണം മുതല്‍ ചന്ദ്രഗിരിപ്പുഴവരെയുള്ള പ്രദേശം, തുളുനാടെന്നു പറയപ്പെട്ടിരുന്നത്രെ. പിന്നീട് ആ പേര് അപ്രത്യക്ഷമായതാണെന്നാണ് മറ്റൊരഭിപ്രായം. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും തുളുനാടിന്റെ തെക്കന്‍ അതിര്‍ത്തി കവ്വായിപ്പുഴവരെയും നീലേശ്വരത്തേക്കും നീളുന്നതായാണ് അനുഭവം. പതിനാറാം നൂറ്റാണ്ടില്‍ ഇവിടം സന്ദര്‍ശിച്ച ഡ്വാര്‍ത്തെ ബാര്‍ബോസിന്റെ അഭിപ്രായത്തില്‍ ഹൊന്നാവരം മുതല്‍ കാസറകോടുവരെയുള്ള പ്രദേശമാണ് തുളുനാട്. ഗോകര്‍ണ്ണം മുതല്‍ തെക്കോട്ട് പരശുരാമ കഥയും പ്രചാരത്തിലുണ്ട്.
പേരുമായി ബന്ധപ്പെട്ട്, തുളുനാട്ടില്‍ ഒട്ടേറെ കഥകളും വിശ്വാസങ്ങളും നിലവിലുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നുകേരളത്തിലെ പെരുമാളുമായി ബന്ധപ്പെട്ടതാണ്. തുളു എന്ന ശബ്ദത്തിന് തുളുമ്പന്‍ പെരുമാളുമായി ബന്ധപ്പെടുത്തുന്ന കാല്‍പനികതയാണത്. കേരളം തുളുനാട്ടില്‍നിന്നു വേര്‍പെടുന്നതിനു മുമ്പ് തുളുമ്പന്‍ പെരുമാള്‍ തുളുനാട്ടിലെ പ്രമുഖ ശൈവ കേന്ദ്രമായിരുന്ന കോട്ടേശ്വരത്തു തന്റെ അരമന സ്ഥാപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പേരില്‍ ഈ നാട് അറിയപ്പെട്ടതായി സ്റ്റാക്കിന്റെ ദക്ഷിണ കന്നഡ മേച്ചലില്‍ പ്രതിപാദിച്ചിരിക്കുന്നു.
എന്നാല്‍ മലയാളത്തോട് ഒട്ടിനില്ക്കുന്ന ഈ ജീവിത സംസ്‌കാരം മലയാള സാഹിത്യത്തില്‍ വേണ്ടത്ര അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. അതീഖ് ബേവിഞ്ചയുടെ ‘ഖബ്ബിനാലെ’ എന്ന നോവലിന്റെ ഏറ്റവും പ്രധാന പ്രസക്തി അതാണ്. ഈ നോവല്‍ തുളുനാടന്‍ ജീവിത സംസ്‌കാരത്തിലൂടേയും തുളുനാടന്‍ ഭൂമികയിലൂടെയുമുള്ള ഒരു യാത്രയാണ്. കുഞ്ചു എന്ന വിളിപ്പേരുള്ള മലയാളി കുട്ടിയുടെ കണ്ണിലൂടെയാണ് – അതു നോവലിസ്റ്റുതന്നെയാണ്; തന്റെ ബാല്യകാല ഓര്‍മ്മകളുടെ വീണ്ടെടുപ്പ് – വായനക്കാര്‍ തുളുനാടന്‍ ജീവിതത്തിലേക്കും അവിടെ പുലരുന്ന അനേകം കഥകളിലേക്കും തുളുനാടന്‍ പ്രകൃതിയിലേക്കും ആചാര വിശ്വാസങ്ങളിലേക്കും ഭക്ഷണ പാനീയങ്ങളിലേക്കും അനേകമനേകം മനുഷ്യരിലേക്കുമെത്തുക.
ഖബ്ബിനാലെ കഥകളുടെ നാടാണ് എന്നുപറഞ്ഞാണ് നോവലിന്റെ ആരംഭം. ‘ഖബ്ബിനാലെ’ എന്ന പേരിന് പിന്നില്‍ തന്നെ കഥകളുണ്ട്. ‘ഖബ്ബിന ആലൈ’ ആണ് ഖബ്ബിനാലെ ആയത്. കരിമ്പ് ചക്കിലാട്ടി ആ മധുരപ്പാനി ശര്‍ക്കരക്കട്ടിയാക്കുന്ന ആലകളുടെ ഇടമായിരുന്നു അവിടം. കാലക്രമേണ അതു ഖബ്ബിനാലെ എന്ന നാടായി അറിയപ്പെട്ടു. അവിടെ വസിക്കുന്ന മനുഷ്യര്‍ക്കും അവിടെ എത്തിപ്പെട്ട ഓരോരുത്തര്‍ക്കുമുണ്ട് കഥകള്‍. ആ കഥകളിലേക്കാണ് കുഞ്ചുവിന്റെ കുഞ്ഞിക്കണ്ണുകള്‍ കൗതുകത്തോടെ തുറക്കുന്നത്. ചിത്രകഥയിലെ കഥാപാത്രങ്ങളായാണ് കുഞ്ചുവിന് അവര്‍ അനുഭവപ്പെട്ടത്. മലമുകളിലെ മന്ത്രവാദിനി, സുന്ദര, അബ്ദുള്ള, വാസുവേട്ടന്‍, ബാലേട്ടന്‍, എബ്രഹാം ചേട്ടന്‍, കുട്ടിച്ച, റൈറ്റര്‍, സുശീല, സുലോചന, പുട്ടണ്ണ, ചിക്കമ്മ, ഗിരിജ, ചീങ്കു, മുള്‍ട്ടിപ്പാടി സുധാകരന്‍…ഇങ്ങനെയെത്ര കഥാപാത്രങ്ങള്‍. എത്രയെത്ര കഥകള്‍.
മലമുകളിലെ മന്ത്രവാദിനി സവിശേഷ കഥാപാത്രമാണ്. കുഞ്ചുവിന്റെ കുട്ടിക്കണ്ണുകള്‍ക്കപ്പുറം വളര്‍ച്ചയുള്ള കഥാപാത്രം. മലമുകളിലെ ആ വിപ്ലവകാരിയെ ഇരുട്ടിന്റെ ശക്തിയായി ഗ്രാമീണര്‍ക്കിടയില്‍ പ്രചരിപ്പിച്ചതിന്റെ പിന്നില്‍ ആ നാട്ടിലെ അധികാര ശക്തിയായിരിക്കണം. മലമുകളില്‍ നിന്നുള്ള ‘ഒരു വസന്തത്തിന്റെ ഇടിമുഴക്കം’ അവര്‍ ഭയപ്പെടുന്നുണ്ട്. ‘പൊലീസ്’ എന്ന അദ്ധ്യായത്തില്‍ ‘മലമുകളിലെ മന്ത്രവാദിനി’ എന്ന അദ്ധ്യായത്തിന്റെ പൂരണം കാണാം. പൊലീസുകാര്‍ രണ്ടു ജീപ്പുകളിലായി ഖബ്ബിനാലെയിലേക്ക് വരുന്നു. പാലത്തിന്റേയും റോഡിന്റേയും മറ്റും കോണ്‍ട്രാക്ട് ഏറ്റിരിക്കുന്ന ‘ധനി’യുടെ വീട്ടിലെ കുട്ടിയായി സ്‌കൂള്‍ ഒഴിവുകാലം ചെലവഴിക്കാന്‍ ഖബ്ബിനാലെയില്‍ എത്തിയിരിക്കുന്ന കുഞ്ചു താമസിക്കുന്ന പണിക്കാരുടെ ഷെഡ്ഡിന്റെ പിന്നിലെ മലയിലൂടെയാണ് അവര്‍ ഉള്‍ക്കാട്ടിലേക്ക് കയറിയത്. അതുകൊണ്ടാണ് കുഞ്ചുവിന്റെ കണ്ണില്‍ അവര്‍ പതിഞ്ഞത് കുഞ്ചുവിന് അവിടെ നടന്ന വലിയവരുടെ വര്‍ത്തമാനത്തില്‍ നിന്ന് മനസ്സിലായത്, മലമുകളിലെ കാട്ടില്‍ പലനിഗൂഢ പ്രവര്‍ത്തനങ്ങളും നടക്കുന്നു. പൊലീസുകാര്‍ക്ക് കാട്ടില്‍നിന്നു ഉപേക്ഷിക്കപ്പെട്ട കേടായ തോക്കുകളും ട്രാന്‍സിസ്റ്റര്‍ റേഡിയോയും തൊപ്പികളും കിട്ടിയത്രെ. മലമുകളിലേക്ക് ഗ്രാമീണര്‍ ആരും പോകരുതെന്നു പൊലീസിന്റെ ഭീഷണിയുമുണ്ടായി. സര്‍ക്കാരിനെ അട്ടിമറിക്കുന്നവരുടെ പ്രവര്‍ത്തനമാണ് മലമുകളില്‍ നടക്കുന്നതെന്ന് മാവിലണ്ണന്‍ കുഞ്ചുവിനോടു പറഞ്ഞു. കേരളത്തിലെ എഴുപതുകളുടെ മണം എണ്‍പതുകളില്‍ തുളുനാട്ടിലും കിട്ടിയെന്നര്‍ത്ഥം.
ഖബ്ബിനാലെയുടെ കുപ്പുവച്ചനാണെന്നു തോന്നും കൊറഗണ്ണയെ കുഞ്ചുവിന്റെ കണ്ണുകള്‍ വായിച്ചെടുക്കുമ്പോള്‍. കൂജ പോലെയുള്ള മുളപ്പാത്രം കൈത്തണ്ടയിലേന്തി, വളഞ്ഞ ഒരു കത്തി അരയില്‍ ഞാന്നുകിടന്ന്, കറുത്തു മുഷിഞ്ഞ ഒരു തുണിച്ചരട് കഴുത്തില്‍ കെട്ടി, ഒരു മണ്‍കുടം കയ്യില്‍ ഞാത്തി കൊറഗണ്ണ മലയിറങ്ങി വരും. കാട്ടിലെ മനുഷ്യരുടെ പല നിഗൂഢ കഥകളും ഗ്രാമീണരില്‍ എത്തിച്ചിരുന്നത് കൊറഗണ്ണയായിരുന്നു. കൊറഗണ്ണ എപ്പോള്‍ കുഞ്ചുവിനെ കണ്ടാലും തുളുവില്‍ മിണ്ടും, ‘ദാനെ ബാലെ?’
റൈറ്റര്‍ ഉമ്മര്‍ച്ചയാണ് മറ്റൊരു കഥാപാത്രം. പണി സൈറ്റിലെ എല്ലാമെല്ലാമാണു ഉമ്മര്‍ച്ച. കോണ്‍ട്രാക്ടര്‍ വല്ലപ്പോഴുമേ വരൂ. എല്ലാം നോക്കി നടത്തുന്നത് ഉമ്മര്‍ച്ചയാണ്. നല്ല വെടിക്കാരനാണ്. കൈയില്‍ എപ്പോഴും തോക്കു കാണും. ഒറ്റയ്ക്കാണ് നായാട്ട്. ഉമ്മര്‍ച്ചാന്റെ വേട്ട മൃഗങ്ങള്‍-മാന്‍കുട്ടി, മുയല്‍, കൂരന്‍, കാട്ടാട്-ചോരയില്‍ കുതിര്‍ന്ന ചണച്ചാക്കില്‍ പൊതിഞ്ഞു മുന്നിലെത്തുമ്പോള്‍ ആ മൃഗങ്ങളുടെ തുറന്ന കണ്ണുകള്‍ കുഞ്ചുവിനെ വേട്ടയാടി. ഖബ്ബിനാലെയിലെ സ്‌കൂള്‍ ഒഴിവുകാലം കുഞ്ചുവിന് അങ്ങനെ ചോരയുടെ പാഠങ്ങളും പകര്‍ന്നു നല്‍കി. ഈ പാഠങ്ങള്‍ കൂടി പഠിക്കാനാവണം കുഞ്ചുവിന്റെ അച്ഛന്‍ ഖബ്ബിനാലെയിലെ ഒഴിവുകാലത്തിന് അനുമതി നല്‍കിയത്.
ഖബ്ബിനാലെയുടെ ജന്മി, നാട്ടുകാര്‍ മാസ്റ്റര്‍ എന്നുവിളിക്കുന്ന ദയാനന്ദ ഹെഗ്ഡേയുടെ അനുജനാണ് കുഞ്ചു ഖബ്ബിനാലെയില്‍ കണ്ട, മറക്കാന്‍ കഴിയാത്ത മറ്റൊരു കഥാപാത്രം. മാസ്റ്ററുടെ വിശാലമായ മാളികയിലായിരുന്നില്ല അനുജന്റെ പാര്‍പ്പ്. വിശാലമായ ആ പുരയിടത്തിലെ തൊഴുത്തിനു പിന്നിലായി ഒരു ഒറ്റമുറിപ്പുരയുണ്ട്. അതില്‍നിന്ന് പലപ്പോഴും അലര്‍ച്ചകളും ഉച്ചത്തിലുള്ള കരച്ചിലുകളും കേള്‍ക്കാം. അതു മാസ്റ്ററുടെ അനുജനാണ്. ചെറുപ്പത്തിലെ ഭ്രാന്ത് പിടിച്ചതാണ്. അബ്ദുല്ലയോടും വാസുവേട്ടനോടുമൊപ്പം മുനിയാലിലേക്ക് പോകുന്ന വഴിയില്‍ മാസ്റ്ററുടെ വീട്ടില്‍ കയറി സംഭാരം കുടിക്കുമ്പോള്‍ കുഞ്ചു മാസ്റ്ററുടെ അനുജനെ കണ്ടിരുന്നു. മുറ്റത്തെ മാവിന്‍ ചുവട്ടില്‍ കസേരയിലിരുത്തി ഒരു മുടിവെട്ടുകാരന്‍ അയാളുടെ മുടി വെട്ടുകയായിരുന്നു. കാലില്‍ ചങ്ങലയുണ്ട്. കൈകള്‍ ഒരാള്‍ പിടിച്ചിട്ടുണ്ട്. എന്നാല്‍ അയാള്‍ ശാന്തനായിരുന്നു. പുറത്തിറക്കിയതിലുള്ള സന്തോഷം മുഖത്ത് കാണാമായിരുന്നു. കുഞ്ചുവിനെ നോക്കിയും ചിരിച്ചു. നാല്പതുകാരനായ അയാള്‍ക്ക് അറുപതിനുമേലെ വയസ്സു തോന്നിച്ചിരുന്നു. മെലിഞ്ഞു എല്ലും തോലുമായ, താടി നീട്ടിയ ഒരു അസ്ഥികൂടം. അയാള്‍ എഞ്ചിനീയറിംഗിന് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഭ്രാന്തായതാണെന്നു അബ്ദുല്ല പറഞ്ഞു. ഖബ്ബിനാലെയിലെ ഭൂമി നാട്ടുകാര്‍ക്കു അവകാശപ്പെട്ടതാണെന്നു അയാള്‍ പറഞ്ഞു നടന്നത്രെ. അതോടെ മാസ്റ്റര്‍ അനുജനെ ചങ്ങലയ്ക്കിട്ടു.
തുളുനാടിന്റെ അനേകം ഭക്ഷണ വിഭവങ്ങള്‍ അതിന്റെ വിശദാംശങ്ങളോടെ തന്നെ ഈ നോവലില്‍ വരുന്നുണ്ട്. കുഞ്ചു കാര്‍ക്കളെയില്‍നിന്ന് ഖബ്ബിനാലേയിലേക്ക് വരുന്ന വഴിയില്‍നിന്നുതന്നെ ആ ഭക്ഷണ വൈവിധ്യം തുടങ്ങുന്നു. മുനിയാലിലെ ഗോളിബജെ സവിശേഷമാണ്. ഉപ്പു കൂടിയ തേങ്ങാചട്ടിണിയാണ് അതിന്റെ ഉപദംശം. ധാന്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന സജ്ജികയും മുനിയാലിലെ ഹോട്ടലില്‍നിന്നു രുചിക്കുന്നു. പഴുത്ത പുളിമാങ്ങാക്കറിയും മുനിയാലിന്റെ മാത്രം സവിശേഷ രുചിയാണ്. മുനിയാലിലെ ‘ഖബ്ബിന ഹാലു’ സവിശേഷമാണ്. കരിമ്പ് നീരില്‍ ചെറുനാരങ്ങയും നന്നാറിയും പുതിനയും ചേര്‍ത്താണ് അതുണ്ടാക്കുന്നത്. പുണര്‍പുളി സര്‍ബത്താണ് മറ്റൊരു പാനീയം. ചുവപ്പ് കലര്‍ന്ന വയലറ്റു നിറമാണ് പുണര്‍പുളി സര്‍ബത്തിന്. പുളിയും മധുരവും കലര്‍ന്ന രുചിയാണ്. കാട്ടുപൂക്കളുടേയും കാട്ടുപഴങ്ങളുടേയും മിശ്രിതത്തില്‍ നിന്നുണ്ടാക്കുന്ന ‘ഹൂവിന നീരു’ ആണ് മറ്റൊരു പാനീയം. ഇഞ്ചി ചതച്ചിട്ട് കാന്താരി മുളകും നന്നാറിയും ചേര്‍ത്ത സംഭാരം ഖബ്ബിനാലെയുടെ സാധാരണ വീട്ടുപാനീയമാണ്. തൗവളരുടെ ഇഷ്ട വിഭവമാണ് കോരിറൊട്ടി. അരി കൊണ്ടുണ്ടാക്കുന്ന ഒരു പ്രത്യേകതരം റൊട്ടി. കോഴിയിറച്ചി കഷണങ്ങള്‍ വേവിച്ചെടുത്താണ് ഉണ്ടാക്കുന്നത്. ഉഴുന്നുപരിപ്പ് ഉപയോഗിക്കാത്ത, തീരെ പുളിപ്പില്ലാത്ത തുളുനാടന്‍ ദോശയാണ് ചെള്ളം. ചെള്ളത്തോടൊപ്പം തുളുനാടര്‍ കഷായമാണ് കുടിക്കുന്നത്. ജീരകം, കൊത്തമ്പാരി, ചുക്ക്, ഇഞ്ചി, ഏലക്കായ തുടങ്ങിയവ പൊടിച്ച് ഭരണികളില്‍ സൂക്ഷിക്കും. ഒന്നോരണ്ടോ സ്പൂണ്‍ തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തു പാലും ശര്‍ക്കരയും ചേര്‍ത്താണു കഷായം ഉണ്ടാക്കുന്നത്. കുഞ്ചുവിന്റെ ചെറിയ കണ്ണില്‍ ആ ചെറിയ തുളുനാടന്‍ ഗ്രാമത്തിലെ ഏതാനും ഭക്ഷണ വിഭവങ്ങളെ പെടുന്നുള്ളൂ.
എത്രയെത്ര ഭാഷകളാണ് ഇവിടെ സംസാരിക്കുന്നത്! മലയാളം, തുളു, കന്നഡ, കൊങ്കണി, ഉര്‍ദ്ദു, ബ്യാരി, കൊഡക ഇങ്ങനെ എത്രയെത്ര ഭാഷകള്‍! തുളുവിനുതന്നെ ഇരുപത്തിമൂന്നു വകഭേദങ്ങള്‍. മറാട്ടി ഭാഷയും അതുപോലെത്തന്നെ. കറാഡര്‍ സംസാരിക്കുന്നത് കറാഡ ഭാഷ. അതിന്ന് മറാട്ടി ഭാഷയുമായി സാമ്യമുണ്ട്. ഈ ഓരോ ഭാഷയില്‍നിന്നും മറ്റു ഭാഷകളിലേക്ക് ഒട്ടേറെ ശബ്ദങ്ങള്‍ കുടിയേറ്റം നടത്തിയിട്ടുണ്ട്.
പലഭാഷകള്‍ അറിയുന്നവരാണ് തുളുനാടര്‍. കൊങ്കിണി, മറാഠി, മലയാളം, ഉര്‍ദു, മാപ്പിള മലയാളം, ഹിന്ദി, ഹവ്യക, ചിത്പാവനി, അരെ തുടങ്ങി പലഭാഷകളില്‍ അവര്‍ മിണ്ടും. കുഞ്ചു മലയാളവും കന്നഡയും തുളുവും കലര്‍ന്ന മിശ്രഭാഷയിലാണ് ഖബ്ബിനക്കാരോട് മിണ്ടുന്നത്. ഖബ്ബിനാലെ എന്ന പേരുതന്നെ തുളുവല്ല, കന്നഡയില്‍ നിന്നുവന്നതാണ്. നൂറ്റാണ്ടുകളായുള്ള കന്നഡ രാജാക്കന്മാരുടെ തുളുനാട്ടിന്മേലുള്ള അധിനിവേശം ഗ്രാമങ്ങള്‍ക്കു കന്നഡ പേരുകള്‍ നല്‍കി. കുഞ്ചുവിന് തുളു ഇഷ്ടമാണ്. ഖബ്ബിനാലേയിലേക്കുള്ള വഴിയില്‍ തലമണക്കാട്ടില്‍ അവന്‍ കേട്ട പ്രേതഭാഷണം തുളുവിലായിരുന്നു. ആരേയും പാട്ടിലാക്കാന്‍ പോന്ന ‘മറയാ’ എന്ന തുളുവിളി കുഞ്ചുവിന് ഇഷ്ടമാണ്. തുളുവില്‍ എല്ലാവരേയും ‘ഈര്’ എന്ന് സംബോധന ചെയ്യുന്നു. അത് സമത്വത്തിന്റെ ഭാഷയായി കുഞ്ചുവിന് അനുഭവപ്പെടുന്നു. പണിക്കാര്‍ തുളുവില്‍ പരസ്പരം സംസാരിക്കുന്നതു കേള്‍ക്കാന്‍ കുഞ്ചുവിന് രസമാണ്. ആളുകള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ആ ഭാഷയെന്ന് കുഞ്ചുവിന് തോന്നുന്നു. ഗ്രാമത്തിലെ ജന്മിയായ മാസ്റ്ററുടെ വീട്ടില്‍ പോയാല്‍ വളരെ വയസ്സുചെന്ന മാസ്റ്ററുടെ പെങ്ങള്‍ കുഞ്ചുവിനോട് മിണ്ടുന്നത് തുളുവിലാണ്. അവര്‍ തുളുവില്‍ കുഞ്ചുവിനോട് ചോദിക്കും, ‘എപ്പോ ഇല്ലാക്ക് പോപ്പിനി?’. എന്നാല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മാസ്റ്ററുടെ മകളുടെ മകള്‍ കന്നഡയിലാണ് കുഞ്ചുവിനോട് സംസാരിക്കാറ്. അവള്‍ കുഞ്ചുവിനോട് ചോദിക്കും, ‘നിന്ന എസറേനു’. റൈറ്റര്‍ ഉമ്മര്‍ച്ചയും മലമുകളിലെ മന്ത്രവാദിനിയും പരസ്പരം വെല്ലുവിളിച്ചുകൊണ്ടുള്ള കത്തുകള്‍ എഴുതുന്നത് കന്നഡയിലാണ്. പണിക്കാര്‍ താമസിച്ചിരുന്ന ‘വീടാര’ത്തില്‍ പലഭാഷകള്‍ കേട്ടിരുന്നു. സുള്ള്യക്കാരനായ ഹനീഫ മിണ്ടുന്നതു ‘നക്ക്നിക്ക്’ എന്ന ഭാഷയിലായിരുന്നു. തുളുനാട്ടില്‍ സായ്ബര്‍ എന്നറിയപ്പെടുന്ന മുസ്ലീംങ്ങളുടെ ഭാഷയായിരുന്നു അത്. മലയാളമല്ലാത്ത മറ്റൊരു ഭാഷയുമറിയാത്ത കുട്ടിച്ചയുടെ ശരീര ഭാഷയും വീടാരത്തില്‍ അരങ്ങുതകര്‍ക്കും. ഖബ്ബിനാലെയിലെ മലദേശികള്‍ പല ഭാഷകള്‍ മിണ്ടുന്നവരായിരുന്നു. തുളുവിന്റെയും കന്നഡയുടേയും മറാട്ടിയുടേയും തെലുങ്കിന്റേയും മിശ്രിത ഭാഷയിലാണ് അവരുടെ വിനിമയം.
അറബിക്കടലിന്റെയും പശ്ചിമഘട്ടത്തിന്റെയും മദ്ധ്യേ കര്‍ണ്ണാടകത്തിന്റെയും കേരളത്തിന്റെയും ഇടയിലായി വ്യാപിച്ചുകിടക്കുന്ന വിസ്തൃത പ്രദേശമാണ് തുളുനാട്. നീണ്ട കടല്‍ത്തീരം, ചെങ്കല്‍പ്പാറകള്‍, വയലുകള്‍, തോട്ടങ്ങള്‍, പശ്ചിമഘട്ടത്തോട് ഉരുമ്മി നില്‍ക്കുന്ന വിസ്തൃത വനമേഖല എന്നിവയെല്ലാം ഈ ഭൂഭാഗത്തെ അലങ്കരിക്കുന്നു. കിഴക്കന്‍ കുന്നുകളില്‍നിന്ന് ഉത്ഭവിക്കുന്ന അനേകം കൊച്ചരുവികള്‍ തോടും നദിയുമായി പരിണമിച്ച് തുളുനാടിന്റെ ഹൃദയഭാഗത്തിലൂടെ പ്രവഹിച്ച് അറബിക്കടലിലേക്ക് ചേരുന്ന അനേകം നദികളുണ്ട്. തൗളവരുടെ ജീവ നാഡികളാണ് ഈ നദികള്‍. അവരുടെ ഭാവനകള്‍ക്ക് ജീവന്‍ നല്‍കുന്നതും ഈ നദികള്‍ തന്നെ. നേത്രാവതി, ചന്ദ്രഗിരി, ശിരിയ എന്നീ നദികളെല്ലാം ചേര്‍ന്ന് തുളുനാടിനെ പച്ചപ്പരവതാനിയാക്കി മാറ്റുന്നു. തോടുകളും പുഴകളും നദികളുമെല്ലാമാണ് ഈ മണ്ണില്‍ വിളയുന്ന വിശിഷ്ടവും വൈവിധ്യപൂര്‍ണവുമായ കാര്‍ഷിക സമ്പത്തിന്റെ അടിസ്ഥാനം. വിസ്തൃതമായ നെല്‍വയലുകള്‍, കവുങ്ങിന്‍ തോട്ടങ്ങള്‍, തെങ്ങിന്‍ തൊടികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കാര്‍ഷിക വൈവിധ്യങ്ങളാണ് തുളുവരുടെ സാമൂഹ്യ ജീവിതത്തിന്റെ നിര്‍ണ്ണായക ഘടകങ്ങള്‍. തുളുനാടിന്റെ പ്രകൃതി പലമട്ടില്‍ ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഖബ്ബിനാലേയിലേക്കു പോകണമെങ്കില്‍ മുനിയാലില്‍ ബസ്സിറങ്ങിയേ പോകാനാവൂ. അവിടംവരെ മാത്രമേ ബസ് സര്‍വ്വീസുള്ളൂ. മുനിയാലില്‍ നിന്നുമുള്‍ട്ടിപ്പാടി വഴി പോകണം. മുള്‍ട്ടിപ്പാടിയില്‍ നിന്നു തലമണ കാട്ടിലൂടേയുള്ള യാത്ര. ആളുകള്‍ നടന്നുപോയതുകൊണ്ടുമാത്രം രൂപപ്പെട്ട വഴി. ഇരുവശത്തേയും മരങ്ങളില്‍ കിളിയൊച്ചകള്‍. കുഞ്ചു മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പക്ഷിവൈവിധ്യങ്ങള്‍. കായ്ചുനില്‍ക്കുന്ന വലിയ ഞാവല്‍ മരങ്ങള്‍. ഞാവലുകള്‍ നെടുനീളെ കായ്ചുനില്‍ക്കുന്ന അത്ഭുതദൃശ്യം. ജൈവവൈവിധ്യങ്ങളുടെ കലവറയായ കാട്. പാറക്കെട്ടുകളില്‍ തട്ടി കുന്നിറങ്ങി വരുന്ന പുഴ. അതിലെ സ്ഫടിക സമാനമായ ജലം. വൃക്ഷശിഖരങ്ങളില്‍ നിന്ന് പറന്നിറങ്ങുന്ന മീന്‍കൊത്തികള്‍. ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന വെള്ളക്കൊറ്റികള്‍. കുഞ്ഞിനെ മരം ചാടാന്‍ പഠിപ്പിക്കുന്ന പെണ്‍കുരങ്ങ്. തവളയുടെ പിന്നാലെ നീന്തിയെത്തുന്ന നീര്‍ക്കോലി. സൂര്യന്‍ പോയതോടെ സന്ധ്യയുടെ ഒരു അഭൗമാന്തരീക്ഷം രൂപപ്പെട്ടു. കിളിയൊച്ചകള്‍ മലകളില്‍ പ്രതിധ്വനിച്ചു. വനവിഷാദ സംഗീതം കാറ്റിലൂടെയെത്തി. മരത്തിന് മുകളില്‍ വലിയൊരു മിന്നാമിന്നിക്കൂട്ടം. മരങ്ങളില്‍ നിറയെ ചെറുവെളിച്ചങ്ങള്‍ മിന്നിച്ചുകൊണ്ടിരുന്നു. കാറ്റും തണുപ്പും അന്തരീക്ഷത്തിന് കുളിരേകി. തവളകളുടേയും ചെറുജീവികളുടേയും കൂട്ടക്കരച്ചില്‍. മരങ്ങളിലെ മിന്നാമിന്നിക്കൂട്ടങ്ങള്‍ ആഘോഷ വിളക്കുകള്‍ പോലെ വലിയ ദീപമാലകളായി കുഞ്ചുവിനെ സന്തോഷിപ്പിച്ചു… ഖബ്ബിനാലേയിലേക്കുള്ള ആദ്യ യാത്രാവഴിയില്‍ തന്നെ തുളുനാടന്‍ പ്രകൃതി കുഞ്ചുവിന്റെ മനസ്സ് കീഴടക്കുന്നുണ്ട്.
ഖബ്ബിനാലെ ഗ്രാമത്തിന് അതിരിടുന്ന ആഗുമ്പ മലനിരകളിലെ കാടുകളില്‍ അനേകം വൃക്ഷ വൈവിധ്യങ്ങളുണ്ടായിരുന്നു. പൂവം, ഇലന്ത, പ്ലാശ് തുടങ്ങിയ മരങ്ങള്‍ സമൃദ്ധമായി വളര്‍ന്നു. ഈ വൃക്ഷങ്ങളില്‍ രംഗിനി, കുസുമി തുടങ്ങിയ പ്രാണികള്‍ സമൃദ്ധമായി വസിച്ചു. അവ ഒരുതരം സ്രവം ഉല്‍പാദിപ്പിച്ചു. ആ സ്രവമാണ് ‘അരക്ക്’. അരക്കില്‍ സൂര്യപ്രകാശമേല്ക്കുമ്പോള്‍ അതു മഴവില്ലുപോലെ ബഹുവര്‍ണ രശ്മികളെ പ്രസരിപ്പിച്ചു. ആ കാഴ്ച കുഞ്ചുവിനെ സന്തോഷിപ്പിച്ചു. മാവില ഷെട്ടര്‍ വനമരങ്ങളുടെ ജ്ഞാനിയായിരുന്നു. കുഞ്ചുവിന് മരങ്ങളുടെ അറിവ് പകര്‍ന്നു നല്‍കിയത് ഷെട്ടറായിരുന്നു.
റൈറ്റര്‍ ഉമ്മര്‍ച്ച നായാട്ടിനു പോകുമ്പോള്‍ കൂടെ കൊണ്ടുപോയതും കുഞ്ചുവിന് അവിസ്മരണീയമായ അനുഭവമായിരുന്നു. പാറകളും കുന്നുകളും കയറിയിറങ്ങി വലിയ വെള്ളച്ചാട്ടത്തിന്നരികിലൂടെയായിരുന്നു യാത്ര. കാട്ടിലൊരിടത്തു മഞ്ഞപൂമ്പാറ്റകളുടെ കൂട്ടം കണ്ടു. ഇത്രയും പൂമ്പാറ്റകളോ! ആയിരങ്ങളുടേയോ പതിനായിരങ്ങളുടേയോ മഞ്ഞ പൂമ്പാറ്റകളുടെ കൂട്ടം. നിരവധി കാട്ടുപൂക്കള്‍ പൂത്ത ഇടമായിരുന്നു അത്. അനേകായിരം തുമ്പികള്‍ ചുറ്റിലും പാറിനടന്നു. മറ്റൊരിടത്ത് കാറ്റില്‍ മരത്തില്‍നിന്ന് അപ്പൂപ്പന്‍താടികള്‍ കൂട്ടമായി താഴോട്ട് പറക്കുന്നു. മറ്റൊരിടത്ത് കുന്നിറങ്ങി വന്നത് ഒരു താഴ്വാരത്തിലേക്കായിരുന്നു. അവിടെ കണ്ട കാഴ്ച കുഞ്ചുവിനെ ശരിക്കും ഞെട്ടിച്ചു. അത്ഭുതപ്പെടുത്തി! നോക്കെത്താദൂരത്തോളം പലതരം പൂക്കളുടെ പരവതാനി. ഖബ്ബിനാലെയുടെ പ്രകൃതി കുഞ്ചുവിന് മുന്നില്‍ തുറന്നിട്ടത് മാസ്മരിക ലോകമായിരുന്നു.
എന്നാല്‍ ഖബ്ബിനാലെയുടെ വിശുദ്ധമായ മണ്ണും പ്രകൃതിയും ചൂഷണം ചെയ്ത് തുടങ്ങുന്നതിന്റെ തുടക്കവും നോവലില്‍ കാണാം. ഖബ്ബിനാലെയിലെ മലകളുടെ മറുഭാഗം വരണ്ട പ്രകൃതിയുള്ള ഇടമായിരുന്നു. അവിടെ ഇടതിങ്ങിയ കാടുകളില്ല. വന്മരങ്ങളില്ല. പാറക്കെട്ടുകളും മൊട്ടക്കുന്നുകളും കുറ്റിക്കാടുകളും മാത്രം. ആ ഭൂമിയത്രയും ഒരു ബല്ലാള്‍ കുടുംബം ചുളുവിലയ്ക്ക് സ്വന്തമാക്കിയിരുന്നു. അവര്‍ക്ക് ഗൂഢോദ്ദേശം ഉണ്ടായിരുന്നു. ബല്ലാളന്മാര്‍ അവിടുത്തെ മണ്ണിന്റെ കറുപ്പുനിറം പരിശോധിച്ചു പഠിച്ചിരുന്നു. ഇരുമ്പിന്റേയും മറ്റുപല ലോഹങ്ങളുടേയും അംശങ്ങള്‍ കണ്ടെത്തിയിരുന്നു. അതുഖനനം ചെയ്ത് കടത്താന്‍ അവര്‍ അവിടേക്ക് റോഡുവെട്ടുന്നു. വനഭൂമിയില്‍ ഖനനം ചെയ്യുന്നത് വനദേവതയെ കോപിപ്പിക്കുമെന്ന് ഖബ്ബിനാലെ നിവാസികള്‍ ഭയന്നു. എന്നാല്‍ ബല്ലാള്‍മാര്‍ മുള്ളിനെ മുള്ളുകൊണ്ടെടുത്തു. അവര്‍ ‘കോല’യും ‘നേമ’യും നടത്തി ‘ഭൂത്ത’യെക്കൊണ്ടു പറയിച്ചു,
‘എന്ന ജാഗെ നികലന
എഞ്ചിന ബോടാണ്ടലാ മാല്‍പ്പുലെ
ദാലെ തൊന്ദരെയിജ്ജി
ദാലെ തൊന്ദരെയിജ്ജി’
(എന്റെ ഭൂമി നിങ്ങളുടേതാണ്. വേണ്ടതെന്താണേലും ചെയ്തോളു. ഒരു പ്രശ്നവുമില്ല).
മറ്റൊരു കൂട്ടര്‍ മേല്‍ക്കാടുകളില്‍ നിന്നു ഖബ്ബിനാലെയുടെ താഴ്വാരങ്ങളിലേക്ക് ഇറങ്ങിവരാറുള്ള ‘മലയാളറു’ ആയിരുന്നു. അവരെ ഖബ്ബിനക്കാര്‍ വെറുത്തു. അവരുടെ കയ്യില്‍ ഈര്‍ച്ചവാളുകളുണ്ടായിരുന്നു. ബല്ലാളരോ ഗുത്തുമനക്കാരായ ബണ്ടുകളോ ലേലത്തിനെടുക്കുന്ന വനമരങ്ങള്‍ മുറിച്ചിരുന്നതു മലയാളറായിരുന്നു. അവര്‍ വയനാടുനിന്നും മലപ്പുറത്തുനിന്നും വന്നു. അവര്‍ കണക്കിലധികം മരങ്ങള്‍ മുറിച്ചു കടത്തും. ഫോറസ്റ്റുകാര്‍ കൂട്ടുനില്ക്കും. പിന്നൊരു കൂട്ടര്‍ കാസര്‍കോടുനിന്നുള്ള ചന്ദന മോഷ്ടാക്കളായിരുന്നു. കാടിന്റെ ഓരോ മുക്കിലും മൂലയിലും തിരഞ്ഞു കാതലുള്ള മരങ്ങള്‍ അവര്‍ മുറിച്ചുകടത്തി. നാട്ടുകാരുടെ സ്വകാര്യഭൂമിയില്‍ നിന്നുപോലും കാതലുള്ള ചന്ദനമരങ്ങള്‍ അവര്‍ കട്ടുകടത്തി. ജാതി, വീട്ടി മരങ്ങള്‍ തേടി നടക്കുന്ന കാട്ടുകള്ളന്മാരും ചന്ദനകൊള്ളക്കാരും ഉള്‍ക്കാടുകളില്‍ നിരന്തരം ഏറ്റുമുട്ടി. അതിന്റെ പ്രതിധ്വനി ഖബ്ബിനാലെയിലെത്തി. നാശത്തിന്റെ ധ്വനി.
തുളു സംസ്‌കാരമെന്നത് വ്യതിരിക്തമായ ഒരു സംസ്‌കാരമല്ല. ഭാരതീയ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണത്. തൗളവ സംസ്‌കാരം ഒട്ടേറെ വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊണ്ടിട്ടുണ്ട്. നാഗാരാധന, തെയ്യക്കോലങ്ങള്‍ തുടങ്ങിയ സ്ഥാനീയ ആരാധനാ – ആചാര പദ്ധതികള്‍. കൊച്ചാളന്‍ തെയ്യം, മാദിറ തുടങ്ങിയ നാടന്‍ കലകളും ആചാരങ്ങളും; സന്ധി, പാര്‍ത്താനോ, ഓമ്പേല തുടങ്ങിയ നാടന്‍ പാട്ടുകളും; പോത്തോട്ടം, കോഴിയങ്കം തുടങ്ങിയ ക്രീഡകളും; ‘പല്ലിപൊത്തുനെ’, ‘പൊക്കുഗോബ്ബുനെ’ തുടങ്ങിയ കലകളും, മരുമക്കത്തായം തുടങ്ങിയ സാമൂഹ്യ സമ്പ്രദായങ്ങളും രീതികളും. തൗളവ സംസ്‌കാരത്തിന്റെ ഇത്തരം സാരവത്തായ അംശങ്ങള്‍, മലയാളത്തിന്റെ വടക്കന്‍ മണ്ണിനോട് ഒട്ടിനില്ക്കുന്ന ഈ ജീവിതഭൂമിക മലയാള സാഹിത്യത്തിലും അടയാളപ്പെടേണ്ടതുണ്ട്. അതിലേക്കുള്ള തുടക്കമായി അതീഖ് ബേവിഞ്ചയുടെ ഈ നോവലിനെ ഞാന്‍ കാണുന്നു.