കൂടുതല്‍ വ്യാപനശേഷിയുള്ള കോവിഡ്-19 വൈറസ് വകഭേദം എത്തിയെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. എക്‌സ്.ഇ.സി.(XEC) എന്നാണ് ഈ വകഭേദം. യൂറോപ്പില്‍ ത്വരിതഗതിയിലാണ് ഇതിന്റെ വ്യാപനമെന്നും വൈകാതെ ലോകത്തിന്റ മറ്റുഭാഗങ്ങളിലേക്ക് വൈറസ് വ്യാപനമുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. ജൂണ്‍ മാസത്തില്‍ ജര്‍മനിയിലാണ് ഈ വൈറസ് വകഭേദത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുകെ, യുഎസ്, ഡെന്‍മാര്‍ക്ക് തുടങ്ങി വിവിധ രാജ്യങ്ങളില്‍ എക്‌സ്.ഇ.സി. സാന്നിധ്യം കണ്ടെത്തി. ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമാണ് എക്‌സ്.ഇ.സി.യെന്ന് ഗവേഷകര്‍ പറയുന്നു. ഒമിക്രോണിന് ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടായതാണ് ഈ വകഭേദമെന്നും എങ്കിലും രോഗബാധ ഗുരുതരമാകാതെ സഹായിക്കാന്‍ വാക്‌സിനുകള്‍ക്ക് സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മറ്റ് കോവിഡ് വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി അല്‍പം കൂടുതലാണ് എക്‌സ്.ഇ.സി.യ്‌ക്കെന്ന് ലണ്ടന്‍ ജനിറ്റിക്‌സ് ഇന്‍സ്റ്റിട്യൂട്ട് അറ്റ് യൂണിവേഴ്‌സിറ്റി കോളേജിന്റെ ഡയറക്ടര്‍ കൂടിയായ പ്രൊഫസര്‍ ഫ്രാന്‍കോയിസ് ബലൂക്‌സ് പറഞ്ഞു. ശീതകാലത്ത് എക്‌സ്.ഇ.സി. ഏറ്റവും വ്യാപകമായി പടരാന്‍ സാധ്യതയേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പനി, തൊണ്ടവേദന, ചുമ, ഗന്ധം തിരിച്ചറിയാനാവാതിരിക്കുക, വിശപ്പില്ലായ്മ, ശരീരവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനും വായു മലിനീകരണം കുറയ്ക്കുന്നതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും ഗവേഷകര്‍ നിര്‍ദേശിച്ചു. 27 രാജ്യങ്ങളില്‍ ഏകദേശം 500 ഓളം എക്‌സ്.ഇ.സി. കേസുകള്‍ ഇതിനോടകം സ്ഥിരീകരിച്ചു
പോളണ്ട്, നോര്‍വെ, ലക്‌സംബര്‍ഗ്, യുക്രൈന്‍, പോര്‍ച്ചുഗല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ എക്‌സ്.ഇ.സി. സാന്നിധ്യം സ്ഥിരീകരിച്ചുകഴിഞ്ഞു. ഡെന്‍മാര്‍ക്ക് ജര്‍മനി, യുകെ, നെതര്‍ലന്‍ഡ്‌സ് എന്നിവടങ്ങളില്‍ ഈ വൈറസിന്റെ തീവ്രവ്യാപന സാധ്യത ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.