കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ അജ്മലും വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിയും സഞ്ചരിച്ച കാറിന് അപകട സമയം ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ്.
കേസിലെ പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള കെഎല്‍.ക്യൂ 23 – 9347 എന്ന നമ്പരിലുള്ള കാറാണ് അപകടം വരുത്തിയത്. കാറിന്റെ ഇന്‍ഷ്വറന്‍സ് കാലാവധി കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. എന്നാല്‍ അപകടത്തിന് ശേഷം തൊട്ടടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍ പൊളിസി ഓണ്‍ലൈന്‍ വഴി ഒരു വര്‍ഷത്തേയ്ക്ക് പുതുക്കിയിരുന്നു.
ഇക്കഴിഞ്ഞ 15 നാണ് മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രികയായ കുഞ്ഞുമോള്‍ എന്ന യുവതിയെ അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചിട്ടത്. ശേഷം കാര്‍ മുന്നോട്ട് എടുക്കവെ റോഡില്‍ വീണ കുഞ്ഞു മോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയകാര്‍ റോഡ് സൈഡില്‍ നിയന്ത്രണം വിട്ടാണ് നിന്നത്. ഇതിനിടെ പിന്തുടര്‍ന്നെത്തിയ യുവാക്കളും നാട്ടുകാരും ചേര്‍ന്ന് അജ്മലിനെ കാറില്‍ നിന്ന് പുറത്തിറക്കുകയും തടഞ്ഞു വയ്ക്കുകയും ചെയ്‌തെങ്കിലും പ്രതി ഓടി രക്ഷപെടുകയായിരുന്നു. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെ ജോലിയില്‍ നിന്ന് ശ്രീക്കുട്ടിയെ പുറത്താക്കിയിരുന്നു. അജ്മലിന്റെ ലൈസന്‍സ് ഗതാഗത വകുപ്പ് ഉടന്‍ റദ്ദാക്കുമെന്നാണ് വിവരം.