കണ്ണൂര്‍: ഭിന്നശേഷിക്കാരിയായ യുവതിയെ തിരുവോണ ദിവസം വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. സംഭവത്തിനു ശേഷം മംഗ്‌ളൂരുവിലേക്ക് മുങ്ങിയ പ്രതി അറസ്റ്റില്‍.
കണ്ണൂര്‍, കേളകം, കാര്യങ്കാപ്പിലെ വലിയ പുതുപ്പറമ്പില്‍ രാജീവ (45)നെയാണ് പുത്തൂരിലെ, സാന്റിയയില്‍ വച്ച് കേളകം എസ്.ഐ വി.വി ശ്രീജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ബുധനാഴ്ച രാവിലെ കേളകത്ത് എത്തിച്ച പ്രതിയുടെ അറസ്റ്റ് ഇന്‍സ്‌പെക്ടര്‍ എം.വി ദിനേശന്‍ രേഖപ്പെടുത്തി.
പേരാവൂര്‍ പൊലീസ് സബ്ഡിവിഷന്‍ പരിധിയിലെ 34കാരിയാണ് പീഡനത്തിനു ഇരയായത്. തിരുവോണ ദിവസം യുവതിയുടെ പിതാവ് പുറത്തേക്കു പോയതായിരുന്നു. ഈ സമയത്ത് വീട്ടിലെത്തിയ രാജീവന്‍ യുവതിയെ വീടിനു പുറത്തേക്ക് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി നിലവിളിച്ചു കൊണ്ട് വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് എഫ്.ഐ ആറില്‍ ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ യുവതി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തലശ്ശേരി ഗവ. ആശുപത്രിയിലെത്തിച്ച് ഗൈനക്കോളജിസ്റ്റിനെ കൊണ്ട് പരിശോധിപ്പിച്ചു. ഇതോടെയാണ് ബലാത്സംഗത്തിനു ഇരയായിട്ടുണ്ടെന്നു വ്യക്തമായത്. തുടര്‍ന്ന് ബലാത്സംഗത്തിനു കേസെടുത്തു.
ഇതിനിടയില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ രാജീവന്‍ ഒളിവില്‍ പോയി. ഇയാള്‍ പത്തു വര്‍ഷക്കാലം മംഗ്‌ളൂരുവിലും പരിസരങ്ങളിലും ജോലി നോക്കിയിരുന്നു. ഇവിടേക്ക് എത്തിയിരിക്കാമെന്നു കണക്കുകൂട്ടിയാണ് പൊലീസ് മംഗ്‌ളൂരുവിലും പിന്നീട് പുത്തൂരിലുമെത്തി പ്രതിയെ അറസ്റ്റു ചെയ്തത്.