ഇളയമ്മയ്ക്ക് കരള്‍ ദാനം ചെയ്ത കോളേജ് അധ്യാപിക ശസ്ത്രക്രിയ കഴിഞ്ഞ് 12 ദിവസത്തിന് ശേഷം
മരണപ്പെട്ടു. മംഗളൂരു ശ്രീനിവാസ കോളേജിലെ ലക്ചററായ കരിങ്കല്‍പാടി സ്വദേശി അര്‍ച്ചന കാമത്ത് (33) ആണ് മരിച്ചത്. 12 ദിവസം മുമ്പാണ് ബംഗളൂരുവിലെ അപ്പോളോ ആശുപത്രിയില്‍ വച്ച് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്. ഭര്‍ത്താവ് ചേതന്‍ കുമാറിന്റെ ഇളയച്ഛന്റെ ഭാര്യയ്ക്കാണ് കരള്‍ മാറ്റിവച്ചത്. കരള്‍മാറ്റത്തിന് വേണ്ടി ഭര്‍ത്താവിന്റെ ബന്ധുക്കളുടെ രക്ത ഗ്രുപ്പ് പരിശോധിച്ചപ്പോള്‍ ആരുടെയും രക്തം അനുയോജ്യമായില്ല. തുടര്‍ന്ന് അര്‍ച്ചനയുടെ രക്തഗ്രൂപ്പ് പരിശോധിച്ചപ്പോള്‍ പൊരുത്തപ്പെട്ടിരുന്നു. അങ്ങനെയാണ് കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാന്‍ അവര്‍ സമ്മതിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ നാലുദിവസത്തിന് ശേഷം പെട്ടെന്ന് പനിബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലഗുരുതരമായതോടെ വീണ്ടും ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങവെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം കരള്‍ സ്വീകരിച്ച ഇളയമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. മൃതദേഹം മംഗളൂരുവിലെ വീട്ടിലെത്തിച്ച ശേഷം കുന്താപുരം കോട്ടേശ്വരത്തെ സ്വന്തം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. നേരത്തെ കാനറ കോളേജില്‍ ലക്ചററായി പ്രവര്‍ത്തിച്ചിരുന്നു. അടുത്തകാലത്താണ് മണേല്‍ ശ്രീനിവാസ നായക് എംബിഎ കോളേജില്‍ ജോലിക്ക് ചേര്‍ന്നത്. നാലുവയസുള്ള മകനുണ്ട്. മംഗളൂരുവിലെ അക്കൗണ്ടന്റാണ് ഭര്‍ത്താവ് ചേതന്‍ കുമാര്‍.