മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓർമ്മകളിൽ വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കുകയാണ്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വിശ്വാസികൾക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നന്മയുടെയും സന്ദേശവുമായി വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12ന്റെ സ്മരണയിലാണ് ആഘോഷം. നബിദിനത്തെ വരവേറ്റ് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് നബിദിന റാലികള്‍ നടക്കും. റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പള്ളികളിലും മദ്രസകളിലും വിപുലമായ പരിപാടികള്‍ നടക്കുന്നുണ്ട്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനമാണ് ഇന്ന്.
റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകൾ നടന്നിരുന്നു. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉൽ അവ്വല്‍ മാസം കേരളത്തിലെ മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ചാണ് മിലാദ് ആഘോഷം. നബിദിനത്തിന് മുന്നോടിയായി മഅദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറത്ത് സ്‌നേഹറാലി സംഘടിപ്പിച്ചു.