കാസർകോട്: വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സംഘത്തിലെ വധുവിന്റെ മുത്തശ്ശി അടക്കം മൂന്ന് സ്ത്രീകൾ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു. വധുവിന്റെ അമ്മയുടെ അമ്മ ചിങ്ങവനം ചിന്നമ്മ ഉതുപ്പായി(73), നിലംപേരൂർ ആലീസ് തോമസ് (61), കുഴിമറ്റം മങ്ങാട്ടയം എയ്ഞ്ചലീന എബ്രഹാം (31) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെ റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടയാണ് അപകടം. കള്ളാറിൽ നടന്ന ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഇവർ. വിവാഹ സംഘത്തിൽ 50 പേരാണ് ഉണ്ടായിരുന്നത്. വിവാഹ ചടങ്ങ് കഴിഞ്ഞ് രാത്രി മലബാർ എക്സ്പ്രസിന് നാട്ടിലേക്ക് തിരികെ പോകാനാണ് ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനോട് ചേർന്ന നടവഴിയിലൂടെ നടന്നു പാളം മുറിച്ചു കടന്നാണ് ഇവർ രണ്ടാം പ്ലാറ്റ്ഫോമിൽ എത്തിയത്. അതിനിടെ ഒന്നാം പ്ലാറ്റ്ഫോമിലാണ് ട്രെയിൻ എത്തുകയെന്ന് സംഘത്തിലെ ചിലർ പറഞ്ഞപ്പോൾ എല്ലാവരും ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. ഈ സമയം രണ്ടാം ട്രാക്കിലൂടെ കോയമ്പത്തൂരിൽ നിന്നുള്ള ഹിസാർ എക്സ്പ്രസ് കടന്നുവന്നു. മൂന്നു പേരെയാണ് ട്രെയിൻ ഇടിച്ചുതെറിപ്പിച്ചത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ രാത്രി തന്നെ ബന്ധുക്കൾക്ക് വിട്ടു നൽകി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ട മലബാർ എക്സ്പ്രസ് രാത്രി എട്ടേകാലോടെ യാത്ര തുടർന്നു. വിവാഹത്തിന് എത്തിയവർ ഇതേ ട്രെയിനിൽ കോട്ടയത്തേക്ക് പോയി. കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയിലിന്റെ മകൻ ജസ്റ്റിൻ ജോർജിന്റെയും കോട്ടയം ചിങ്ങവനത്തെ മാർഷയുടെയും വിവാഹത്തിനാണ് സംഘം ശനിയാഴ്ച രാവിലെ മലബാർ എക്സ്പ്രസ് ട്രെയിനിൽ വന്നത്. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹം. പി എ ഉതുപ്പായി ആണ് ചിന്നമ്മയുടെ ഭർത്താവ്. ലിജു, ലിനു, സിനു എന്നിവർ മക്കളാണ്. പി എ തോമസ് ആണ് ആലീസിന്റെ ഭർത്താവ്. മിഥുൻ, നീതു എന്നിവരാണ് മക്കൾ. യുകെയിൽ എഞ്ചിനീയർ ആയ റോബർട്ട് കുര്യാക്കോസ് ആണ് എയ്ഞ്ചലീനയുടെ ഭർത്താവ്.