കാസര്‍കോട്: ജനങ്ങള്‍ സൈബര്‍ തട്ടിപ്പിന്നിരയാകുന്ന സാഹചര്യത്തില്‍ വ്യതസ്തമായ ബോധവല്‍ക്കരണ സന്ദേശവുമായി ഹോസ്ദുര്‍ഗ്ഗ് ജനമൈത്രി പോലീസ്. ഓണനാളില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ മാവേലി വേഷവുമായി വന്നാണ് സൈബര്‍ അവബോധ പരിപാടി നടത്തിയത്. ചതിക്കുഴിയില്‍ അകപ്പെടാതിരിക്കുവാന്‍ ഫോണില്‍ വരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പെ പരിശോധിക്കുക, ഓണ്‍ലൈന്‍ ഇടപാടില്‍ പണം നഷ്ടപ്പെട്ടാല്‍ 1930 എന്ന നമ്പരില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യുക, സംശയാസ്പദമായ കോളുകള്‍ അറ്റന്റ് ചെയ്യാതിരിക്കുക, ഒടിപി നമ്പര്‍ ആര്‍ക്കും കൈമാറരുത് തുടങ്ങിയ നിര്‍ദേശങ്ങളുമായാണ് സൈബര്‍ ബോധവല്‍ക്കരണം നടത്തിയത്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ്ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സി.കെ ആസിഫ്, പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. ജനമൈത്രീ ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി സ്വാഗതവും, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വിവിബിന്ദു നന്ദിയും പറഞ്ഞു.