ഗർഭസ്ഥശിശുവിന്റെ മരണത്തിന് പിന്നാലെ മാതാവും മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ പരാതി 

 

 

കോഴിക്കോട്: എകരൂലിൽ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന മാതാവും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് മാതാവും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എകരൂൽ ഉണ്ണികുളം സ്വദേശി ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയൻ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണരീതിയിൽ പ്രസവം നടക്കുമെന്നാണ് ഡോക്ടർ അറിയിച്ചത്. എന്നാൽ പിന്നീട് ഗർഭസ്ഥശിശു മരിക്കുകയായിരുന്നു. ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചുവെന്നും ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചതോടെ . ബന്ധുക്കളുടെ അനുമതിയോടെ ഗർഭപാത്രവും നീക്കംചെയ്തു. പിന്നീടാണ് സ്ഥിതി കൂടുതൽ വഷളായത്. ആരോഗ്യസ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അശ്വതിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാണിച്ച് ബന്ധുക്കൾ അത്തോളി പൊലീസിൽ പരാതി നൽകി. അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. അതേസമയം, കുഞ്ഞിന് 37 ആഴ്ച എത്തിയിരുന്നുവെന്നും രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു. പിന്നീട് രക്തസമ്മർദ്ദം നിയന്ത്രണത്തിലായി. നോർമൽ ഡെലിവറിക്കുവേണ്ടി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതോടെ സിസേറിയനുവേണ്ടി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. വയറ് തുറന്നപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നും ഗർഭപാത്രം തകർന്നിരുന്നെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. അശ്വതിക്ക് രക്തസ്രാവം നിലയ്ക്കാത്ത അവസ്ഥയും ഉണ്ടായി തുടർന്നാണ് ഗർഭപാത്രം നീക്കംചെയ്തത്. എഗ്മോ സംവിധാനം ആവശ്യമുള്ളതിനാലാണ് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും വിശദീകരണത്തിൽ പറയുന്നു. സുധാകരന്റെയും രത്നാകുമാരിയുടെയും മകളാണ് അശ്വതി.  മകൻ,: ധ്യാൻ, സഹോദരി:അമൃത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ദേശീയപാതയില്‍ ഡിവൈഡര്‍ നിര്‍മ്മാണത്തിനായി സ്ഥാപിച്ച ഇരുമ്പുകമ്പി വില്ലനായി; കാര്‍ യാത്രക്കാരുടെ ദേഹത്തേക്ക് കമ്പി തുളച്ചുകയറി, പരിക്കേറ്റ ബേക്കല്‍, മൗവ്വല്‍ സ്വദേശികള്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍

You cannot copy content of this page