കാസര്‍കോട്: അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ തിരുവനന്തപുരം സ്വദേശി ജോസഫ് ഡാനിയലിനെതിരെ കാസര്‍കോട്ടും പരാതി പ്രവാഹം. രാജപുരത്ത് രണ്ടും ബേഡകത്തു ഒരു കേസും രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പിനു ഇരയായ യുവാവ് അമ്പലത്തറ പൊലീസില്‍ നല്‍കി. പൂടംങ്കല്ല് കള്ളാര്‍, എടക്കടവിലെ ടിന്‍സി തോമസിന്റെ പരാതി പ്രകാരമാണ് ജോസഫ് ഡാനിയലിനെതിരെ രാജപുരം പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ ഭര്‍ത്താവ് ഇവിന്‍ജോസഫിനു അമേരിക്കന്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3,62,850 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. 2022 ജുലായ് 18 മുതല്‍ 2024 സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് പണം കൈപ്പറ്റിയതെന്നു പരാതിയില്‍ പറഞ്ഞു. സമാനമായ മറ്റൊരു പരാതിയില്‍ അജിമാത്യുവിന്റെ പരാതിയില്‍ രാജപുരം പൊലീസ് ബുധനാഴ്ച കേസെടുത്തിരുന്നു.
ബന്തടുക്ക മലാംകുണ്ടിലെ തോമസ് വര്‍ഗീസിന്റെ പരാതി പ്രകാരമാണ് ഡാനിയല്‍ ജോസഫിനെതിരെ ബേഡകം പൊലീസ് കേസെടുത്തത്. അമേരിക്കന്‍ വിസ വാഗ്ദാനം നല്‍കി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. തിരുവനന്തപുരത്തെ അതിസമ്പന്ന കുടുംബാംഗമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിസ തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഡാനിയല്‍. ചെന്നൈയിലെ താമസസ്ഥലത്തു നിന്നു ഏതാനും ദിവസം മുമ്പാണ് ഇയാളെ ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റു ചെയ്തത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് കാസര്‍കോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഡാനിയലിനെതിരെ വിസ തട്ടിപ്പ് പരാതികള്‍ എത്തിത്തുടങ്ങിയത്.