കാസര്‍കോട്: ബേഡഡുക്ക പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവു നായ ശല്യം രൂക്ഷം. പരീക്ഷയെഴുതാന്‍ പോയ രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്കും പാല്‍ വാങ്ങാന്‍ പോയ യുവതിക്കും തെരുവുനായയുടെ കടിയേറ്റു. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ബാലനടുക്കത്തെ അസീഫ (10), കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി തോരപ്പള്ളത്തെ വൈഗമോള്‍ (11), പെര്‍ളടുക്കത്തു താമസിക്കുന്ന ജെ.സി.ബി ഓപ്പറേറ്ററുടെ ഭാര്യ എന്നിവര്‍ക്കാണ് കടിയേറ്റത്. അസീഫയെ ചൊവ്വാഴ്ച വൈകുന്നേരം മരുതടുക്കത്തിനു സമീപത്തെ തട്ടുകടയ്ക്കു സമീപത്തുവച്ചാണ് ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടിയതോടെയാണ് നായ പിന്തിരിഞ്ഞത്.വൈഗ മോളെ ബുധനാഴ്ച രാവിലെ പരീക്ഷയെഴുതാന്‍ സ്‌കൂളിലേക്ക് പോകുന്നതിനിടയിലാണ് തെരുവു നായ അക്രമിച്ചത്. ഇരു വിദ്യാര്‍ത്ഥികളെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
പെര്‍ളടുക്കത്തെ പാല്‍ സൊസൈറ്റിക്കു സമീപത്തു വച്ചാണ് ജെ.സി.ബി ഓപ്പറേറ്ററുടെ ഭാര്യയെ തെരുവു നായ കൂട്ടം ബുധനാഴ്ച രാവിലെ ആക്രമിച്ചത്.