ബിഹാർ: യുട്യൂബ് നോക്കി വ്യാജ ഡോക്‌ടർ ശസ്ത്രക്രിയ നടത്തിയ ബാലൻ മരിച്ചു. ഛർദിയുമായി മാതാപിതാക്കൾ സരണിലെ ഗണപതി ആശുപത്രിയിലെത്തിച്ച കൃഷ്ണകുമാറിനാണ് (15) ജീവൻ നഷ്ടമായത്. അജിത് കുമാർ പുരി എന്ന വ്യാജ ഡോക്ടർ കുട്ടിയെ പരിശോധിച്ച് ഛർദി നിൽക്കണമെങ്കിൽ ഉടൻ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കണമെന്ന് മാതാപിതാക്കളോട് നിർദ്ദേശിക്കുകയായിരുന്നു. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു കുട്ടിയെ ഇയാളുടെ അടുത്ത് കാണിച്ചത്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കുമാർ പുരി കുട്ടിയെ ഓപ്പറേഷൻ ചെയ്യാൻ തുടങ്ങിയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. മൊബൈൽ ഫോണിൽ യൂട്യൂബ് വീഡിയോകൾ കണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് ഇവരുടെ ആരോപണം. ശസ്ത്രക്രിയയ്ക്കിടെ കുട്ടിയുടെ നില വഷളായി. തുടർന്ന് കുടുംബം പ്രതിഷേധിച്ചപ്പോൾ താനാണ് ഇവിടെ ഡോക്ടർ നിങ്ങൾ അല്ല എന്ന് കുമാർ ക്ഷോഭിക്കുകയായിരുന്നു. ഭയന്ന മാതാപിതാക്കൾ പിന്നീട് ഡോക്ടറോട് ഒന്നും ചോദിക്കാൻ തയ്യാറായില്ല. പിന്നാലെ കുട്ടിയുടെ നില വഷളാവാൻ തുടങ്ങി. ഒടുവിൽ കുട്ടിയെ പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വ്യാജ ഡോക്ടർ തീരുമാനിച്ചുവെങ്കിലും വഴിമധ്യേ കുട്ടി മരിക്കുകയായിരുന്നു. തുടർന്ന് കുമാർ പുരി കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.