കാസര്‍കോട്: പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ നിര്‍ണ്ണായകമായി; സുഹൃത്തിനു വീഡിയോ കോള്‍ ചെയ്ത് റെയില്‍വെ ട്രാക്കില്‍ മലര്‍ന്ന് കിടന്ന് ആത്മഹത്യക്കു ശ്രമിച്ച ബധിര-മൂക യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി 11.30 മണിയോടെ കാഞ്ഞങ്ങാട് ഐങ്ങോത്താണ് സംഭവം. സംഭവത്തെക്കുറിച്ച് അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ-‘രാത്രി 11.30 മണിയോടെ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിനു ഒരു ഫോണ്‍ കോളെത്തി. സര്‍, എന്റെ അച്ഛനും അമ്മയും ബധിരരും മൂകരുമാണ്. അച്ഛന്റെ സുഹൃത്തും ഭാര്യയും ഇതേ ശാരീരികാവസ്ഥയിലുള്ളവരാണ്. അച്ഛന്റെ സുഹൃത്ത് എവിടെയോ റെയില്‍വെ ട്രാക്കില്‍ കിടന്ന് അച്ഛനെ വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സാര്‍ എങ്ങനെയെങ്കിലും അച്ഛന്റെ സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കണം”- ഇതായിരുന്നു പെണ്‍കുട്ടി ഇന്‍സ്‌പെക്ടറെ വിളിച്ചറിയിച്ചത്. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവ് റെയില്‍വെ ട്രാക്കില്‍ കിടന്ന് ആത്മഹത്യാശ്രമം നടത്തുന്ന ലൊക്കേഷന്‍ ഐങ്ങോത്താണെന്നു കണ്ടെത്തി. ഇതോടെ നീലേശ്വരം, കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനുകളില്‍ വിളിച്ച് ട്രെയിനുകള്‍ നിര്‍ത്തിയിടാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി യുവാവിനെ കണ്ടെത്തി ട്രാക്കില്‍ നിന്നു മാറ്റി. സ്റ്റേഷനില്‍ എത്തിച്ച് ഉപദേശം നല്‍കിയ ശേഷമാണ് യുവാവിനെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചത്. ശാരീരിക വൈകല്യങ്ങളൊന്നും ഇല്ലാത്ത പെണ്‍കുട്ടിയുടെ സമയോജിതമായ ഇടപെടലിലാണ് ബധിരനും മൂകനുമായ യുവാവിന്റെ ജീവന്‍ തിരിച്ചു പിടിച്ചതെന്നു പൊലീസ് പറഞ്ഞു.