കാസര്‍കോട്: മീന്‍ വില്‍പന നടത്തുന്ന സ്ത്രീയോട് മോശമായ ഭാഷയില്‍ സംസാരിച്ചുവെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടക്കര പഴയ മത്സ്യബന്ധന കേന്ദ്രത്തിനു സമീപത്തെ കെവി പ്രകാശന്‍ (37) ആണ് മരിച്ചത്. മടക്കര തുറമുഖത്തിലെ മത്സ്യവ്യാപാരിയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാടങ്കോട് ജയ്ഹിന്ദ് വായനശാലക്ക് സമീപത്തെ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മീന്‍ വാങ്ങിയ പണം കൊടുക്കാത്തതിലുള്ള വിരോധം കാരണം പൊതുജനമധ്യത്തില്‍ മോശം ഭാഷയില്‍ സംസാരിച്ചതിനു പിലിക്കോട് സ്വദേശിനിയുടെ പരാതിയില്‍ ചന്തേര പൊലീസ് പ്രകാശനെതിരെയും വ്യാപാര കൂട്ടാളി മടക്കരയിലെ മുത്തലിബിനുമെതിരെയും കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രകാശനും യുവതിയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും ഇതിന്റെ പ്രതികാരമായാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. യുവതി നല്‍കിയ വ്യാജ പരാതിയില്‍ മനംനൊന്താണ് ആത്മഹത്യയെന്നു കാണിച്ച് സഹോദരീ ഭര്‍ത്താവ് ചന്തേര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സി കണ്ണന്റെയും ജാനകിയു ടെയും മകനാണ്. സഹോദരങ്ങള്‍: ഉഷ, രതീശന്‍(ദുബൈ), സതീശന്‍ (മത്സ്യത്തൊഴിലാളി). മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍.