കാസര്‍കോട്: ഉറപ്പിച്ച വിവാഹത്തില്‍ നിന്നു പിന്മാറിയ വിരോധത്തില്‍ യുവതിയുടെ വീടിനു തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വയനാട്, വൈത്തിരി, ചൂണ്ടലിലെ ശിവകുമാറി(42)നെയാണ് മഞ്ചേശ്വരം എസ്.ഐ നിഖിലും സംഘവും അറസ്റ്റു ചെയ്തത്. ആഗസ്ത് 23ന് ആണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദ്യാവാര്‍, ഗുത്തുവിലെ ശശികലയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. സംഭവ ദിവസം വൈകുന്നേരം പെട്രോള്‍ നിറച്ച കുപ്പിയുമായി എത്തിയ പ്രതി വീടിനു തീയിട്ടു കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് കേസ്. സംഭവത്തിനു ശേഷം സ്ഥലം വിട്ട ശിവകുമാര്‍ പലയിടത്തും കറങ്ങിയ ശേഷം കോഴിക്കോട്ടെത്തിയതായിരുന്നു. ഇതു സംബന്ധിച്ച വിവരം ലഭിച്ച എസ്.ഐ നിഖിലും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദ്, സി.പി.ഒ പ്രശോഭ് എന്നിവര്‍ കോഴിക്കോട്ടെത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.