പുത്തൂര്‍: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുകയായിരുന്ന യുവാവിനെ സംഘം തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത ഉപ്പിനങ്ങാടി പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. ബെല്‍ത്തങ്ങാടി, ഉറുവാളുവിലെ ഷംസു എന്ന ഷംസുദ്ദീ(38)നെയാണ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തിലെ മറ്റുള്ളവരെ തെരയുന്നു. കഴിഞ്ഞ ദിവസം ബെല്‍ത്തങ്ങാടിയിലാണ് സംഭവം.
പുത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അക്രമത്തിനു ഇരയായത്. രാത്രി ബൈക്കുമായി ബെല്‍ത്തങ്ങാടിയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്. വീട്ടില്‍ നിന്നു അല്‍പം അകലെയാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നും പുലര്‍ച്ചെ പുറത്തിറങ്ങി ബൈക്കു എടുക്കാന്‍ എത്തിയപ്പോഴാണ് യുവാവിനെ ഒരു സംഘം തടഞ്ഞത്. പെണ്‍സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതും മടങ്ങുന്നതുമൊക്കെ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും പുറത്തു വിടാതിരിക്കണമെങ്കില്‍ രണ്ടു ലക്ഷം രൂപ തരണമെന്നും സംഘം ആവശ്യപ്പെട്ടു. 25,000 രൂപ നല്‍കി തടിയൂരാന്‍ ശ്രമിച്ചുവെങ്കിലും സംഘം അതിനു തയ്യാറായില്ല. സംഘം ബൈക്കിന്റെ കീ കൈക്കലാക്കിയതോടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.