ചവിട്ടേറ്റ് വൃഷണം പൊട്ടി, വൈദ്യുതാഘാതമേല്‍പ്പിച്ചും കൊല; രേണുകസ്വാമിയുടെ മരണത്തിന് തൊട്ട് മുമ്പുള്ള ചിത്രം പുറത്ത്

 

ബംഗളൂരു: കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൊഗുദീപ കൊലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ രേണുകസ്വാമിയുടെ മരണത്തിന് തൊട്ട് മുമ്പുള്ള ചിത്രം പുറത്ത്. ഒരു ദേശീയ മാധ്യമമാണ് രണ്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഒന്നില്‍ ക്യാമറയിലേക്ക് നോക്കുന്നതും പ്രാണഭയത്തോടെ യാചിക്കുന്ന രേണുകസ്വാമിയെയാണ് കാണുന്നത്.
സ്വാമിയുടെ പിറകുവശത്തായി ട്രക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും കാണാം. രണ്ട് ചിത്രങ്ങളിലും സ്വാമി ഷര്‍ട്ട് ധരിച്ചിട്ടില്ല. ശരീരത്തില്‍ അടിയേറ്റ പാടുകള്‍ കാണാം. രണ്ടാമത്തെ ചിത്രത്തില്‍ നിലത്ത് പരിക്കേറ്റു കിടക്കുന്നതായി കാണുന്നു. ദര്‍ശന്റെ കടുത്ത ആരാധകനായ രേണുകസ്വാമിയുടെ മൃതദേഹം ജൂണ്‍ 9നാണ് സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ കണ്ടെത്തിയത്. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയച്ചുവെന്നാരോപിച്ചാണ് ദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം ജൂണ്‍ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. ദര്‍ശന് ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചവിട്ടേറ്റ് വൃഷണം പൊട്ടിയെന്നും വൈദ്യുതാഘാതമേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മരിക്കുന്നതിനു മുന്‍പ് രേണുക സ്വാമിക്ക് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വാമിയെ മരത്തടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകള്‍ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. രേണുകസ്വാമിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ കന്നഡ നടന്‍ ദര്‍ശനും നടി പവിത്രയുമടക്കം 17 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബംഗളൂരു പൊലീസ് വ്യക്തമാക്കിയിരുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി. ദര്‍ശന്‍ രണ്ടാംപ്രതിയാണ്. നടന്റെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ 9ന് അവസാനിക്കും. കൊലക്കേസില്‍ ബംഗളൂരു പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ചത്തെ സംഭവവികാസം.

 

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page