കാസർകോട്: വാട്സ്ആപ്പ് വഴി ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ സ്ത്രീയെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി സൈബർ പൊലീസിന്റെ പിടിയിലായി. മലപ്പുറം മേലാറ്റൂർ സ്വദേശി കെ ജാഫറി(49)നെയാണ് കാസർകോട് സൈബർ പൊലീസ് മേലാറ്റൂരിൽ എത്തി അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയിൽ നിന്നാണ് ഓൺലൈൻ വ്യാപാരം നടത്തി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെടുത്തത്. തുടക്കത്തിൽ ചെറിയ തുക നൽകി വിശ്വാസ്യത നേടിയെടുത്തിരുന്നു. പിന്നീട് പണവുമായി അപ്രത്യക്ഷമാവുകയായിരുന്നു എന്നാണ് സ്ത്രീയുടെ പരാതി. പരാതിക്കാരിയുടെ കയ്യിൽ നിന്നായി പലതവണ 41 ലക്ഷത്തോളം രൂപ ജാഫർ തട്ടിയെടുത്തിരുന്നു. യുവതിയുടെ പരാതിയിൽ കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ഇ അനൂപ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത്, ദിലീഷ്, സ്വദേശി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.