തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തലസ്ഥാനം മണിക്കൂറോളം യുദ്ധക്കളമായി. ബാരിക്കേടുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് വൈ. പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. ആക്രമണത്തില്‍ അബിന്‍ വര്‍ക്കിയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് അബിന്‍ വര്‍ക്കി. അതിനിടെ, അബിന്‍ വര്‍ക്കിയേയും രാഹുല്‍ മാങ്കൂട്ടത്തിനെയും പൊലീസ് ബസില്‍ കയറ്റിയെങ്കിലും ബസില്‍ നിന്നിറങ്ങുകയായിരുന്നു. അബിന്‍ വര്‍ക്കിയെ കൂടാതെ മറ്റു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധ മാര്‍ച്ചില്‍ കടുത്ത പ്രകോപനം ഉണ്ടായിട്ടും സംയമനം പാലിച്ചായിരുന്നു പൊലീസ് നിന്നത്. എന്നാല്‍ ആറേഴു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാത്തതിനാലാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസിന്റെ ഷീല്‍ഡ് റോഡിലിട്ട് അടിച്ചു തകര്‍ത്തതാണ് പൊലീസിന്റെ നടപടിക്ക് കാരണമായത്. സംഘര്‍ഷത്തിനിടെ
കന്റോണ്‍മെന്റ് സിഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കും പരുക്കേറ്റു. മാര്‍ച്ചിന് മുമ്പായി യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനമേല്‍ക്കുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടിരുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കേരളത്തിലെ നമ്പര്‍ വണ്‍ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. താനൂരിലെ കൊലയ്ക്ക് പിന്നില്‍ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിര്‍ദേശം നല്‍കിയത് അജിത് കുമാര്‍ ആണ്. ആര്‍എസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാറെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.