ചെറിയ കുറ്റങ്ങള്‍ക്കുപോലും കടുത്ത ശിക്ഷ നല്‍കുന്ന സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിനികള്‍ സ്‌കൂളിന്റെ ജനലുകളും ഫാനുകളും തല്ലിപ്പൊട്ടിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സരോജിനി നായിഡു ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അഞ്ച് മിനിറ്റ് വൈകിയെത്തിയാല്‍ പോലും പൊരിവെയിലത്ത് നിര്‍ത്തും. കടുത്ത ശിക്ഷകള്‍ക്ക് പുറമെ സ്‌കൂള്‍ പരിസരവും ക്ലാസ് റൂമും വൃത്തിയാക്കാനും പുല്‍ത്തകിടിയില്‍
പുല്ലുവെട്ടാനും തങ്ങളെ നിര്‍ബന്ധിക്കുന്നതായും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. സ്‌കൂള്‍ മാനേജ്മെന്റിനെതിരെയും വര്‍ഷ ഝാ എന്ന ജീവനക്കാരിയ്ക്കെതിരേയും വിദ്യാര്‍ഥിനികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒരു മാസം മുമ്പാണ് വര്‍ഷ സ്‌കൂളില്‍ നിയമിതയായത്. ഇവര്‍ വിദ്യാര്‍ഥിനികളോട് പിന്നീട് മാപ്പ് ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. വൈകുന്നേരം ആറ് മണിവരെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് വളരെ ദൂരെ നിന്ന് വരുന്ന വിദ്യാര്‍ഥിനികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ചിലര്‍ പരാതിപ്പെട്ടു.
സ്‌കൂളില്‍ അച്ചടക്കം നടപ്പാക്കാന്‍ ഒരു മുന്‍ സൈനികനെ നിയമിച്ചതായി പ്രിന്‍സിപ്പല്‍ മാലിനി വര്‍മ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യൂണിഫോം ധരിച്ച വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കെട്ടിടത്തിന് പുറത്ത് കൂടി നില്‍ക്കുന്നതും ചിലര്‍ സ്‌കൂളിന്റെ പേര് വെച്ച ബോര്‍ഡ് ചവിട്ടുന്നതും ജനലുകള്‍ കല്ലുപയോഗിച്ച് തല്ലിപ്പൊട്ടിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. പ്രതിഷേധം കടുത്തതോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്‌കൂളിലെത്തുകയും ആരോപണ വിധേയയായ അധ്യാപികയെ അവധിയില്‍ വിടുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസും സ്‌കൂളിലെത്തി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ യുവജന വിഭാഗം നേതാവ് മിതേന്ദ്ര സിംഗ് രംഗത്തെത്തി.