കാസര്‍കോട്: ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ ചെമ്മനാട്, കല്ലുവളപ്പിലെ കെ. മുഹമ്മദ് റിയാസി(36)നെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ കീഴൂരിലെത്തി. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അദ്ദേഹം കീഴൂരില്‍ എത്തിയത്. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മല്‍പെ തെരച്ചിലിനായി എത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കീഴൂര്‍, ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയതായിരുന്നു റിയാസ്. പിന്നീട് കാണാതായി. നാലു ദിവസം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് മുങ്ങല്‍ വിദഗ്ധന്റെ സഹായം തേടിയത്. മല്‍പ്പെ എത്തിയ വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.