ഒരു ചെവി ഇല്ല, ജനനേന്ദ്രിയം തകര്‍ന്നു, രേണുകാസ്വാമി കൊലക്കേസില്‍ നടന്‍ ദര്‍ശന്‍, പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികള്‍ക്കെതിരേ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

 

ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ പ്രതികള്‍ക്കെതിരേ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
നടന്‍ ദര്‍ശന്‍, നടിയും സുഹൃത്തുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികള്‍ക്കെതിരേയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിജയനഗര്‍ സബ് ഡിവിഷന്‍ എ.സി.പി. ചന്ദന്‍കുമാര്‍ ആണ് ബംഗളൂരു 24-ാം അഡീ. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ബുധനാഴ്ച രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. 3991 പേജുകളുള്ള കുറ്റപത്രത്തില്‍ 231 സാക്ഷികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ ദൃക്സാക്ഷികളാണ്. ഇതിനുപുറമേ നിര്‍ണായകമായ പല തെളിവുകള്‍ കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നു. രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂരമര്‍ദനത്തില്‍ ജനനേന്ദ്രിയം തകര്‍ത്തതായും പൊലീസ് പറഞ്ഞിരുന്നു. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ വളരെ ആഴമേറിയ ക്ഷതങ്ങളാണുണ്ടായിരുന്നത്. ക്രൂരമായ രീതിയില്‍ മര്‍ദ്ദിക്കുകയും വൈദ്യുതാഘാതം ഏല്‍പ്പിക്കുകയും ചെയ്തതാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് എട്ട് ഫൊറന്‍സിക് റിപ്പോര്‍ട്ടുകളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും പവിത്ര ഗൗഡയുടെ രക്തംപുരണ്ട ചെരിപ്പും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ദര്‍ശന്റെ ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചതായിരുന്നു കൊലപാതകത്തിനുള്ള കാരണം. ജൂണ്‍ ഒന്‍പതാം തീയതി പുലര്‍ച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍, പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടന്‍ ദര്‍ശനും നടി പവിത്രയ്ക്കും പങ്കുള്ളതായി കണ്ടെത്തിയത്.

…..

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page