‘വാങ്ങുന്ന ആള്‍ ഉപയോഗിക്കാത്തതും ഉപയോഗിക്കുന്ന ആള്‍ വാങ്ങാത്തതുമായ വസ്തു ഏതാണ്?’ ഒരു കുസൃതി ചോദ്യമാണ്. ശവപ്പെട്ടി. മരണം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ മരണത്തിനും വലുപ്പ ചെറുപ്പമുണ്ട്. ചത്തുപോയി, മരിച്ചു പോയി, നിര്യാതനായി, അന്തരിച്ചു, തീപ്പെട്ടു. നാടുനീങ്ങി, ദിവംഗതനായി. സാദാമനുഷ്യരും ഉന്നതസ്ഥാനീയരും മരണത്തിന്റെ പേരിലും വ്യത്യസ്തരാവുന്നു. മരണശേഷം ശവസംസ്‌ക്കാര രീതിയിലും വ്യത്യാസമുണ്ട്. കത്തിച്ചു കളയല്‍, കുഴിച്ചുമൂടല്‍ എന്നീ രണ്ട് രീതികളാണ് ലോകത്ത് പൊതുവെ നടക്കുന്നത്. ആദ്യകാലങ്ങളില്‍ ബ്രാഹ്‌മണരിലൊഴികെ എല്ലാ വിഭാഗത്തില്‍ പെട്ട ഹിന്ദുക്കളെ കുഴിച്ചുമൂടുകയായിരുന്നു പതിവ്. ക്രമേണ ഹിന്ദു മതത്തിലെ എല്ലാ വിഭാഗവും ബ്രാഹ്‌മണ സമ്പ്രദായത്തിലേക്ക് മാറി.
എസ്.സി./എസ്.ടി. വിഭാഗത്തില്‍ പെട്ടവര്‍ മരിച്ചാല്‍ കുഴിച്ചിട്ടു എന്ന് പറയുന്നതിന് പകരം മണ്ണില്‍ പൂഴ്ത്തി എന്ന് പറഞ്ഞിരുന്നു. മറ്റുള്ളവരെ കുഴിച്ചിട്ടു എന്നും പറയും. ജാതീയമായി പ്രത്യേകം പ്രത്യേകം ശ്മശാനങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ പൊതു ശ്മശാനങ്ങളിലേക്ക് മാറി. ശവം മണ്ണിലടക്കം ചെയ്യുന്നതാണോ ദഹിപ്പിക്കുന്നതാണോ ഉചിതം എന്ന ചര്‍ച്ച നടക്കുന്നുണ്ട്. ആളുകള്‍ പല രോഗങ്ങളും പിടിപെട്ടു മരിക്കുന്നതിനാല്‍ ദഹിപ്പിക്കുന്നത് തന്നെയാണ് നല്ലത് എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അന്തരീക്ഷമലിനീകരണം നടക്കുന്നു എന്നതാണ് ഇതിന്റെ ദോഷമെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. മണ്ണിലടക്കം ചെയ്താല്‍ ചീഞ്ഞളിഞ്ഞ് മണ്ണിന് വളമാകുമെന്നും അന്തരീക്ഷമലിനീകരണം ഉണ്ടാവില്ലായെന്നും നിരീക്ഷിക്കുന്നവരുണ്ട്.
മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഖബറടക്കം നടത്തുകയാണ് ചെയ്യുന്നത്. കുഴിയെടുത്ത് കല്ല് കെട്ടിയിട്ടാണ് ഖബര്‍ നിര്‍മ്മിക്കുന്നത്. പ്രാര്‍ത്ഥനാലയത്തിന് സമീപമാണ് ഇരു കൂട്ടരും ഖബര്‍സ്ഥാന്‍ ഉണ്ടാക്കുന്നത്. ഇതിന് ഒരു ദോഷം കണ്ടെത്തിയത് ഖബര്‍സ്ഥാനിന്റെ അടുത്തുള്ള കിണര്‍, കുളം എന്നിവിടങ്ങളില്‍ നെയ്യ് കാണാറുണ്ട് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
ശവം ദഹിപ്പിക്കുമ്പോള്‍ അതിനടുത്തുള്ള വീട്ടുകാര്‍ നാറ്റം മൂലവും ചാരം വായുവിലൂടെ പറന്നു വരുന്നത് മൂലവും പ്രയാസപ്പെടാറുണ്ട്. എനിക്കറിയാവുന്ന ദളിത് വിഭാഗത്തില്‍പെട്ട കണ്വനെയും ചപ്പിലയെയും മണ്ണില്‍ പൂഴ്ത്തു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
ദഹിപ്പിക്കലും മണ്ണിലടക്കം ചെയ്യുന്നതിന് പുറമേ സമാധി ഇരുത്തുന്ന ഏര്‍പ്പാടുമുണ്ട്. കരിവെള്ളൂര്‍ ഓണക്കുന്നില്‍ മണക്കാടന്‍ ഗുരുക്കളെ സമാധി ഇരുത്തിയ സ്ഥലമുണ്ട്.
വൈദ്യുതി ശ്മശാനമൊക്കെ വന്നു കഴിഞ്ഞു. അന്തരീക്ഷ മലിനീകരണമൊന്നുമില്ലാതെ തന്നെ സംസ്‌കാരച്ചടങ്ങ് നടത്താം.
പണ്ടൊക്കെ ഞങ്ങളുടെ നാട്ടിന്‍ പുറത്ത് അതിരാവിലെ മാവ് മുറിഞ്ഞു വീഴുന്ന ശബ്ദം കേട്ടാല്‍ ആളുകള്‍ പറയും
‘ആരോ മരിച്ചിട്ടുണ്ട്’ മാവിന്റെ വിറക് ഉപയോഗിച്ചാണ് ശവം ദഹിപ്പിക്കല്‍. വയറും വലിയ തടിയും ഒക്കെ ഉള്ള ആളുകളുടെ ശവം കത്തിത്തീരാന്‍ പാടുപെടേണ്ടിവരുമെന്നും ശവം വെട്ടിക്കീറുമെന്നുമൊക്കെ കേട്ടിട്ടുണ്ട്.
ഏറ്റവും നല്ലത് മൃതദേഹം മെഡിക്കല്‍ കോളേജിലേക്കോ മറ്റോ പഠിക്കാനായി നല്‍കുന്നതാണ്. ഒരു സംഭവം കേള്‍ക്കാനിടയായി. എക്‌സിബിഷന്‍ നടക്കുന്ന സ്ഥലത്ത് മെഡിക്കല്‍ കോളേജിന്റെ ഒരു സ്റ്റാളുമുണ്ടായിരുന്നു. എക്‌സിബിഷന്‍ കാണാന്‍ വന്ന ഒരു കുട്ടി അവിടെ കണ്ട മൃതദേഹം കണ്ട് സ്റ്റാളില്‍ നിന്ന് ഓടി എന്നും അത് തന്റെ അച്ഛനാണെന്ന് കൂടെ വന്ന വേറൊരാള്‍ പറഞ്ഞു എന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് ആ കുട്ടിയുടെ അച്ഛന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൊടുത്തിരുന്നു എന്നും പറഞ്ഞു കേട്ടു.
പണ്ടേ എനിക്ക് ‘കൂളി’ പേടിയുണ്ട്. എന്റെ വീടിനടുത്ത് ഒരു ശ്മശാനമുണ്ട്. അവിടെ സംസ്‌കാരച്ചടങ്ങ് കഴിഞ്ഞാല്‍ രണ്ടു മൂന്ന് ദിവസം ആ ഭാഗത്തേക്ക് നോക്കില്ല. കൂളി പേടി കാരണം. ഒരു ദിവസം വെറുതെ ഒന്ന് നോക്കി പോയി. തീ ആളിക്കത്തുന്നു. പേടിച്ചോടി. ഇക്കാര്യം ഒരു മാഷോട് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
‘ബോഡിയില്‍ സള്‍ഫറിന്റെ അംശം കത്തിക്കഴിഞ്ഞു കാണില്ല അത് കത്തുന്നതായിരിക്കും കണ്ടത്.’ ശവം കഷ്ണം കഷ്ണമാക്കി കടലിലേക്ക് വലിച്ചെറിയുന്ന രീതി അവലംബിക്കുന്ന ജനവിഭാഗമുണ്ട് പോലും. അതേ പോലെ ശവം അലിയിച്ചു കളയുന്ന രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന ആധുനിക സമ്പ്രദായമുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നു. മനുഷ്യന്‍ ജീവിതത്തിലേക്കു വരുന്നത് ഒരൊറ്റ വഴിയിലൂടെ മാത്രം വിടചൊല്ലി പോവുന്നതു വ്യത്യസ്ത രീതിയിലൂടെയും വഴിയിലൂടെയും.