ചെന്നൈ: തമിഴ് സിനിമയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ പ്രമുഖരടക്കം 500 പേരെങ്കിലും കുടുങ്ങുമെന്ന് നടി രേഖാ നായര്‍. നടിമാര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ മലയാളത്തിലേക്കാള്‍ തമിഴില്‍ കൂടുതലാണ്. ഇതിനെതിരേ ശബ്ദമുയര്‍ത്താന്‍ എല്ലാ നടിമാര്‍ക്കും ഭയമാണ്. ഇതൊക്കെ പുറത്തുപറഞ്ഞാല്‍ അവസരം വരില്ല. തമിഴിലെ സിനിമ അസോസിയേഷനോട് പരാതി പറഞ്ഞാലും കാര്യമില്ല. മുമ്പ് താന്‍ ശ്രമിച്ചതോടെ അവസരങ്ങള്‍ നഷ്ടമായെന്നും രേഖാ നായര്‍ പറഞ്ഞു. സിനിമ തുടങ്ങിയ കാലം മുതല്‍ ലൈംഗീകാതിക്രമങ്ങള്‍ നടക്കുന്നുണ്ട്. അഡ്ജസ്റ്റ്‌മെന്റ് ഇല്ലാത്തതിനാല്‍ ചിലര്‍ സിനിമ ഉപേക്ഷിച്ചിട്ടുണ്ടെന്ന് രേഖാ നായര്‍ വെളിപ്പെടുത്തുന്നു. വംശം, പകല്‍ നിലാവ്, ആണ്ടാള്‍ അഴകര്‍ തുടങ്ങിയ തമിഴ് സീരിയലുകളിലെ താരമായിരുന്നു രേഖാ നായര്‍. മലയാളിയായ രേഖ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും ടി.വി. ഷോകളിലൂടെയും സീരിയലുകളിലൂടെയും തമിഴ്നാട്ടില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കും. അതിനാല്‍ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ വെളിച്ചത്തു വരും. ഇതിനര്‍ഥം മലയാളസിനിമയില്‍മാത്രമാണ് പ്രശ്‌നങ്ങളെന്നല്ല. തമിഴ് സിനിമയില്‍ സ്ത്രീകള്‍ വ്യാപകമായി അതിക്രമം നേരിടുന്നുണ്ട്. ഇതുകാരണം മലയാളിയായ ഒരു നടിക്ക് ഇവിടെനിന്ന് താമസം മാറ്റേണ്ടിവന്നിട്ടുണ്ടെന്നും രേഖാ നായര്‍ പറഞ്ഞു.