കാസര്‍കോട്: തൈക്കടപ്പുറത്ത് മീന്‍പിടിക്കുന്നതിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്നു നിയന്ത്രണം വിട്ട ബോട്ട് കരയിലേക്ക് ഇടിച്ചുകയറി തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന 4 തൊഴിലാളികളും അല്‍ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തൈക്കടപ്പുറം പുറത്തേക്കൈയിലെ ഉമേശന്റെ ഉടമസ്ഥതയിലുള്ള നസീബ് എന്ന ബോട്ടാണ് തകര്‍ന്നത്. തീരത്തുനിന്നും കുറച്ചകലെ മീന്‍പിടിക്കുന്നതിനിടെ യന്ത്രത്തകരാറ് സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് പാറയിടുക്കുകളിലും മറ്റും ഇടിച്ചു. ശക്തമായ കാറ്റു കാരണം തീരത്തോട് അടുപ്പിക്കാന്‍ തൊഴിലാളികള്‍ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. പിന്നീട് സീറോഡിനും സ്റ്റോര്‍ ജങ്ഷനും ഇടയില്‍ തകര്‍ന്നു കരക്കടിഞ്ഞു.