ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു ശേഷം നിരവധി യുവനടികളാണ് തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് പരാതിയുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരാണ്.
കുടുംബ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ ഒരു സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചെന്നും ക്ഷണം നിരസിച്ചതിന്റെ പേരില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും നടി ലക്ഷ്മി തുറന്നു പറയുന്നു.
‘എനിക്ക് ആ പ്രമുഖ സംവിധായകന്‍ മേസേജ് ചെയ്ത് പറഞ്ഞു ലക്ഷ്മി ഒന്ന് കൊച്ചിയിലേക്ക് വരണമെന്ന്. എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ സംവിധായകനെ കാണാമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ ആ വ്യക്തിയുടെ ഉദ്ദേശം പിന്നീട് മനസിലായി. ആ ദിവസം സംവിധായകന്റെ കൂടെ ഫ്‌ളാറ്റില്‍ സ്റ്റേ ചെയ്താല്‍ മാത്രമേ ചിത്രത്തില്‍ അവസരമുള്ളൂ എന്നായിരുന്നു ആവശ്യം. ഇതു കേട്ടയുടന്‍ ചുട്ട മറുപടി തന്നെ തിരിച്ച് മേസേജ് ചെയ്തു. അതോടെ ആ സിനിമയില്‍ നിന്നും ഞാന്‍ പുറത്തായി’ അതില്‍ എനിക്ക് വിഷമമില്ലെന്ന് ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു. ഇന്ന് മലയാള സിനിമയില്‍ പ്രായമുളള സ്ത്രീകളോടുപാേലും മോശമായി പെരുമാറുന്ന പ്രവണത പതിവാണെന്ന് ലക്ഷ്മി പറയുന്നു. പ്രമുഖ സംവിധായകന്റെ താല്‍പ്പര്യത്തിന് വഴങ്ങാത്തതിനാല്‍ നിസാരമായ സീന്‍പോലും 19 തവണ റീടേക്ക് എടുക്കേണ്ടിവന്നിട്ടുണ്ടെന്നും അവര്‍ ഒരു ചാനലിനോട് വെളിപ്പെടുത്തി. അമ്മ വേഷങ്ങളിലൂടെ തിളങ്ങിയ നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. മലയാളത്തില്‍ കുറച്ച് സിനിമകളിലാണ് അഭിനയിച്ചതെങ്കിലും എല്ലാ വേഷങ്ങളും ശ്രദ്ധേയമായിരുന്നു.