പാമ്പ് കടിച്ച് യുവാവ് മരിച്ചു; കടിച്ച പാമ്പ് വസ്ത്രത്തില്‍ ഒളിച്ചിരുന്നത് 16 മണിക്കൂര്‍; പുറത്തുചാടിയത് ചിതയ്ക്ക് തീ കൊളുത്തിയപ്പോള്‍

 

പാമ്പ് കടിയേറ്റ് മരിച്ച അയാളുടെ വസ്ത്രത്തില്‍ പാമ്പ് കഴിഞ്ഞത് 16 മണിക്കൂര്‍. ഒടുവില്‍ പാമ്പ് പുറത്തുവന്നത് ചിതയ്ക്ക് തീ കൊളുത്തിയപ്പോള്‍. ബീഹാറിലെ ബെഗുസാരായിയില്‍ 41 കാരനായ ധര്‍മ്മ വീര്‍ യാദവ് എന്ന യുവാവാണ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഫാമിലെ പശുക്കള്‍ക്ക് തീറ്റ ശേഖരിക്കുന്നതിനിടെയാണ് ധര്‍മവീറിന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് അടുത്തുള്ള വിഷവൈദ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി. എന്നാല്‍, ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. ഇതോടെ ധര്‍മവീറിനെ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി.
എന്നാല്‍, ഈ സമയമത്രയും കടിച്ച പാമ്പ് ധര്‍മ വീറിന്റെ വസ്ത്രത്തിനുള്ളില്‍ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. ചികിത്സയ്ക്കായി ഏറെനേരം യാത്ര ചെയ്തിട്ടും ഒരിക്കല്‍ പോലും പാമ്പ് പുറത്തേക്ക് വരികയോ അനക്കമുണ്ടാക്കുകയോ ചെയ്തില്ല. അടുത്തദിവസം സംസ്‌കാരം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. മൃതദേഹം വീട്ടിലെത്തിച്ച് ഒരു രാത്രി പിന്നിട്ടിട്ടും പാമ്പ് പുറത്തേക്ക് വന്നില്ല.
സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജഡം ചിതയിലേക്ക് വച്ച ശേഷം ധര്‍മ്മവീറിന്റെ മകന്‍ ചിതയ്ക്ക് തീ കൊളുത്തി. തീ ആളിപ്പടര്‍ന്നതോടെയാണ് വസ്ത്രത്തിനുള്ളില്‍ മറഞ്ഞിരുന്ന പാമ്പ് പുറത്തേക്ക് ചാടിയത്. ഉടന്‍തന്നെ സമീപത്ത് നിന്നവര്‍ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു. ഇത്രയും സമയം പാമ്പ് വസ്ത്രത്തിനുള്ളില്‍ ഇരുന്നത് എല്ലാവരെയും അല്‍ഭുതപ്പെടുത്തി. അണലി വിഭാഗത്തില്‍പ്പെട്ട പാമ്പാണ് ധര്‍മ വീറിനെ കടിച്ചത്. ഉഗ്രവിഷമുള്ള ഇനമാണിത്.

 

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page