മംഗലാപുരം: ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡ്രൈവര്‍ അബോധാവസ്ഥയിലായതിനെത്തുടര്‍ന്നു നിയന്ത്രണം വിട്ട ബസ് മൂന്നു വാഹനങ്ങളിലിടിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്കായിരുന്നു അപകടം.ബല്‍മട്ടയില്‍ നിന്നു സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിലേക്കു പോവുകയായിരുന്നു ബസ്. ഇതിനിടയില്‍ അമിത രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഡ്രൈവര്‍ അബോധാവസ്ഥയിലാവുകയും ബസില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു.
നിയന്ത്രണം വിട്ട ബസ് റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും കാറിലും ബൈക്കിലുമിടിച്ചാണ് നിന്നത്. ഓട്ടോറിക്ഷാ യാത്രക്കാരായ ജാപ്പുബപ്പാളിലെ ഉസ്മാന്, റംല, മുഹമ്മദ് സജല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോ പൂര്‍ണ്ണമായി തകര്‍ന്നു. കദ്രി പൊലീസ് കേസെടുത്തു.