കാസര്‍കോട്: നിര്‍ത്തിയിട്ട കാറിനുള്ളില്‍ ജെസിബി ഉടമയെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ മുന്‍കോമരം നാടുവിട്ടു. നീലേശ്വരം എസ് ഐ മധുമടിക്കൈയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച കമ്പല്ലൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇക്കാര്യം വ്യക്തമായത്. ബാര്‍ബറെ വീട്ടിലേക്ക് വിളിച്ചുവരുത്തി കോമരം ആയിരുന്ന കാലത്ത് നീട്ടി വളര്‍ത്തിയിരുന്ന മുടി മുറിച്ചുമാറ്റിയ ശേഷം നാടുവിട്ടു പോയെന്നാണ് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. 25ന് രാത്രിയിലാണ് നാടുവിട്ടതെന്നും ഷര്‍ട്ടും മുണ്ടും ആയിരുന്നു വേഷം എന്നും മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിട്ടില്ലെന്നും വീട്ടുകാര്‍ പോലീസിനു മൊഴി നല്‍കി. രാജേഷിന്റെ മുടി മുറിച്ച ബാര്‍ബറിനെയും പൊലീസ് ചോദ്യം ചെയ്തു. മുടിമുറിച്ച് കൊടുത്ത കാര്യം ബാര്‍ബര്‍ പൊലീസിനോട് സമ്മതിച്ചു. 19ന് രാവിലെയാണ് കിനാവൂര്‍ റോഡിലെ വൈഷ്ണവം വീട്ടില്‍ കെ ദിനേശനെ നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 18ന് വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷണം നടത്തുന്നതിനിടെ പിറ്റേ ദിവസമാണ് ദിനേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമായതെന്ന സൂചനയാണുള്ളത്. എന്നാല്‍ ദിനേശന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ പ്രമീള ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. മരണപ്പെട്ട ദിനേശനും കാണാതായ രാജേഷും തമ്മില്‍ വ്യക്തിപരമായി വലിയ അടുപ്പമുള്ളവരായിരുന്നു. ദിനേശനില്‍ നിന്ന് രാജേഷ് പലതവണയായി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട് എന്നും തിരിച്ചു നല്‍കിയിട്ടില്ലെന്നും ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. ദിനേശന്റെ മരണവുമായി ബന്ധപ്പെട്ട് രാജേഷിനെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിനേശന്‍ മരിക്കുന്നതിന് തൊട്ടുമുമ്പുവരെ താന്‍ കൂടെയുണ്ടായിരുന്നു എന്നും ഭയം കാരണമാണ് രക്ഷപ്പെട്ടത് എന്നുമാണ് ഇയാള്‍ പൊലീസില്‍ നല്‍കിയ മൊഴി.