കാസർകോട്: പരസ്യമായി ഒറ്റ നമ്പർ ലോട്ടറി കച്ചവടം നടത്തിയ യുവാവ് അറസ്റ്റില്‍. മാലോം തുള്ളിയിലെ ചാലിന്‍കര വീട്ടില്‍ ബി.സജീവനെയാണ്(39) രാജപുരം എസ്.ഐ സി.പ്രദീപ്കുമാര്‍ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ ചെറിയ കള്ളാറിലെ ബേബി ബേക്കറിയുടെ സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. റോഡരികില്‍ ബുള്ളറ്റ് ബൈക്കിലിരുന്നാണ് കച്ചവടം നടത്തിയിരുന്നത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഈ സമയം ലോട്ടറി വാങ്ങാനെത്തിയ ഒരാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. പൊലീസ് പരിശോധിച്ചപ്പോള്‍ നമ്പറുകള്‍ എഴുതിയ തുണ്ടുകടലാസുകള്‍ ഇയാളുടെ പോക്കറ്റില്‍ നിന്ന് പിടിച്ചെടുത്തു. 1040 രൂപയും പിടിച്ചെടുത്തു. ‘ഉടന്‍പണം’ എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാള്‍ ഒറ്റ നമ്പർ ലോട്ടറി ഇടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആളുകൾ ഗൂഗിൾ പേ വഴി പണം അയച്ചതായും കണ്ടെത്തി. 34 അംഗങ്ങളാണ് ഈ ഗ്രൂപ്പിലുണ്ടായിരുന്നത്. കഴിഞ്ഞ ജൂലായ് 15 മുതലാണ് ഗ്രൂപ്പ് ആരംഭിച്ചത്. കേരളാ ലോട്ടറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്കത്തിന് 5000 രൂപയും തുടര്‍ന്നുള്ള മറ്റ് സമ്മാനങ്ങള്‍ക്ക് 1000, 500 എന്നിങ്ങനെയുമാണ് സമ്മാനങ്ങള്‍ നല്‍കുക. അവസാന അക്കത്തിന് 20 രൂപയാണ് സമ്മാനം. നിരവധിയാളുകള്‍ വ്യത്യസ്ത നമ്പറുകള്‍ക്കായി ആയിരക്കണക്കിന് രൂപ ഗൂഗില്‍പേ വഴി അയച്ചുകൊടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.







