കവുങ്ങിന്റെ പൂക്കുല കരിയല്‍ രോഗം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ അടയ്ക്ക കര്‍ഷകന്‍ കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. കര്‍ണ്ണാടക, സാഗര്‍, ബ്യാക്കോട് സ്വദേശിയും യുവകര്‍ഷകനുമായ അശോക (42)യാണ് ആത്മഹത്യ ചെയ്തത്. രണ്ടേക്കര്‍ സ്ഥലത്താണ് അശോക കവുങ്ങു കൃഷി ചെയ്യുന്നത്. തുടര്‍ച്ചയായ മഴയും കാലാവസ്ഥാ വ്യതിയാനവും കാരണം പൂക്കുലകളെല്ലാം കരിഞ്ഞുണങ്ങി നശിച്ചു. ബാങ്കില്‍ നിന്നു കടമെടുത്താണ് അശോക ഇത്തവണ കവുങ്ങിനു വളപ്രയോഗവും മരുന്നു തെളിയും നടത്തിയിരുന്നത്. പൂക്കുലകളെല്ലാം നശിച്ചതോടെ കടം എങ്ങനെ തിരിച്ചടക്കുമെന്ന ആശങ്കയിലായിരുന്നു അശോക. ഇതായിരിക്കാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു. അതേ സമയം കാസര്‍കോട് ജില്ലയിലെ കവുങ്ങ് കര്‍ഷകരും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കര്‍ണ്ണാടകയില്‍ അനുഭവപ്പെട്ടതിനേക്കാളും വലിയ തീവ്രതയോടെ പൂക്കുല കരിയല്‍ പ്രതിഭാസം കാസര്‍കോട്ടെ തോട്ടങ്ങളിലും വ്യാപകമാണ്. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാല്‍ ഭാഗം വിളവു പോലും ലഭിക്കില്ലെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പലരും വന്‍ തുക ചെലവാക്കി മരുന്നു തെളി നടത്തിയെങ്കിലും പൂക്കുല കരിയല്‍ രോഗത്തെ ചെറുക്കാന്‍ കഴിയുന്നില്ലെന്നു കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
കനത്തതും തുടര്‍ച്ചയായതുമായ മഴ കാരണം കുരുമുളക് കൃഷിയും കടുത്ത പ്രതിസന്ധിയിലാണ്. ദ്രുതവാട്ടം വ്യാപകമായി തുടരുന്നു. കുരുമുളക് തിരിയിടാത്തത് ഉല്‍പാദനത്തെ പ്രതികൂലമാക്കുമെന്നു കര്‍ഷകര്‍ പറഞ്ഞു.







