കവി ടി.ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം കവി സച്ചിദാനന്ദന് 

 

കാസർകോട്: കവി ടി.ഉബൈദിന്റെ സ്മരണയ്ക്കായി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ  ടി.ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും സംസ്‌കാരിക രംഗത്തെ പ്രമുഖനുമായ പ്രഫ.കെ.സച്ചിദാനന്ദന് സമ്മാനിക്കും. കവിതയിലും മലയാള ഭാഷയിലും അതോടൊപ്പം, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ചതിനാണ് രണ്ടാമത് പുരസ്‌കാരത്തിന് സച്ചിദാനന്ദനെ അർഹനാക്കിയത്. ഡോ.എം. കെ മുനീർ എം.എൽ.എ, ടി.പി. ചെറൂപ്പ, കല്ലട്ര മാഹിൻ ഹാജി, എ അബ്ദുൽ റഹ്മാൻ, യഹ്‌യ തളങ്കര, ജലീൽ പട്ടാമ്പി എന്നിവരാണ് ജൂറി അംഗങ്ങൾ. ഭാരവാഹികൾ ദുബായിൽ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ആദ്യ പുരസ്കാരം കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ആലങ്കോട് ലീലാ കൃഷ്ണനാണ് നൽകിയത്. സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. സാഹിത്യകാരന്‍, കവി, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലെല്ലാം പ്രാഗല്‍ഭ്യമുണ്ടായിരുന്ന വ്യക്തിത്വമാണ് ഉബൈദ് മാസ്റ്റര്‍. മലയാളത്തിലും കന്നടയിലും അറബിയിലും അറബി മലയാളത്തിലും ഒരു പോലെ കവിതകളെഴുതിയ ഉബൈദ് മലയാളത്തില്‍ നിന്നും കന്നഡയിലേക്കും, കന്നടയില്‍ നിന്ന് മലയാളത്തിലേക്കും ധാരാളം വിവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്.  വാര്‍ത്താ സമ്മേളനത്തില്‍ ദുബായ് കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ, അബ്ദുല്ല ആറങ്ങാടി, കെ പി അബ്ബാസ് കളനാട്, ഹസൈനാർ ബീജന്തടുക്ക  സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page