ഔട്ട് ഓഫ് ദ സ്‌ക്രീന്‍

കോടതിയെ പലരും ശരിയായ കാര്യങ്ങള്‍ക്കല്ല സമീപിക്കുന്നത്. ബഹുമാനപ്പെട്ട സുപ്രീംകോടതി പറഞ്ഞത് അതേപടി ഉദ്ധരിക്കാം: ”യൂസ്, അബ്യൂസ്, മിസ്യൂസ് ദ കോര്‍ട്ട്.’ കോടതിയുടെ ആംഗലമൊഴി ഇപ്രകാരം ഭാഷാന്തരം ചെയ്യാം എന്ന് തോന്നുന്നു: (അപ്പോഴും വ്യക്തമാകണം എന്നില്ല; എങ്കിലും ശ്രമിക്കാം) ”കോടതിയെ ഉപയോഗിക്കുന്നു, ദുര്‍വിനിയോഗിക്കുന്നു, അനുചിത കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.”
ഹരിയാന സ്വദേശിയായ സുനില്‍കുമാറിന്റെ അപ്പില്‍ കേസ് പരിഗണിക്കുകയായിരുന്നു ജ. ബി.എസ് ചൗഹാന്‍, ജ. ജെ.എസ് ഖേല്‍ക്കര്‍ എന്നിവര്‍. കരിഞ്ചന്തക്കാരനായ സുനില്‍കുമാറിനെ കയ്യോടെ പിടികൂടി. അഴിമതി നിരോധന വിഭാഗം നിരത്തിവെച്ച തെളിവുകള്‍ വിലയിരുത്തിയ കോടതി 1999ല്‍ പ്രതിയെ ഒരു കൊല്ലം തടവിന് ശിക്ഷിച്ചു. വിവിധ കോടതികളില്‍ മാറിമാറി അപ്പീല്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്ത് പന്ത്രണ്ടു കൊല്ലം കളിച്ചു. ഒടുവില്‍ സുപ്രീംകോടതി മുമ്പാകെ എത്തി. ഈ കേസിലാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നു പ്രസ്തുത നിരീക്ഷണമുണ്ടായത്. വക്കീല്‍ ഫീസ് കൊടുക്കാന്‍ വേണ്ട പണം കൈവശമുണ്ടെങ്കില്‍ കേസ് നീട്ടി നീട്ടി കൊണ്ടുപോകാം. മറുഭാഗത്ത് സര്‍ക്കാര്‍ ആണെങ്കില്‍ നഷ്ടം സര്‍ക്കാറിന്. എത്രയോ ഉദാഹരണങ്ങള്‍ പറയാനുണ്ട്.
തല്‍ക്കാലം, ഇപ്പോള്‍ വിവാദമായിട്ടുള്ള ജ.ഹേമ കമ്മീഷന്റെ കാര്യം: അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് തുറന്ന വിചാരണ. നമ്മുടെ സിനിമാരംഗത്ത് എന്തൊക്കെയോ ”വേണ്ടാതീന’ങ്ങള്‍ നടക്കുന്നു എന്ന് ആരോപണം-തിരശ്ശീലയിലല്ല, അണിയറയില്‍. ചലച്ചിത്ര നടിമാര്‍ പീഡിപ്പിക്കപ്പെടുന്നു, ഭീഷണി നേരിടുന്നു, സാമ്പത്തികമായ വിവേചനം, അവഗണന, അനാശാസ്യങ്ങള്‍ക്ക് വഴങ്ങി കൊടുക്കുന്നവര്‍ക്ക് മാത്രം അവസരം നല്‍കുന്നു; അല്ലാത്തവരെ അവഗണിക്കുന്നു, പുറന്തള്ളുന്നു, പരസ്യമായി തേജോവധം ചെയ്യുന്നു-ഇത്യാദി നിരവധി പരാതികള്‍, ആരോപണങ്ങള്‍. ഇത് സംബന്ധിച്ച നിജസ്ഥിതി അന്വേഷിച്ച് കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാവശ്യപ്പെട്ട് റിട്ടയര്‍ ചെയ്ത ജഡ്ജി ജ. ഹേമയുടെ അധ്യക്ഷതയില്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു- 2019 നവംബര്‍ 16ന്. പ്രശസ്ത നടി ശാരദ, റിട്ട. ഐ.എ.എസ് ഓഫീസര്‍ വത്സലകുമാരി എന്നിവര്‍ അംഗങ്ങള്‍. 2019 ഡിസംബര്‍ 31ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ പറയുന്നതെന്തെന്ന് വെളിപ്പെടുത്തണമെന്ന അപേക്ഷകള്‍ പരിഗണിച്ച് ഇക്കഴിഞ്ഞ ജുലൈ ആറിന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അബ്ദുല്‍ ഹക്കീം ഉത്തരവിട്ടു-റിപ്പോര്‍ട്ട് പുറത്തുവിടാന്‍.
അപ്പോള്‍, സിനിമ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍, പുറത്തുവിടാന്‍ പാടില്ല, തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ച് റിപ്പോര്‍ട്ട് വെളിപ്പെടുത്താവുന്നതാണെന്ന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് കോടതി ശരിവച്ചു. സര്‍ക്കാര്‍ അതിന് തയ്യാറെടുക്കവേ, നടി രഞ്ജിനി കോടതിയിലെത്തി. കമ്മീഷന് താന്‍ മൊഴി കൊടുത്തിട്ടുണ്ട് അത് ശരിയായി തന്നെയാണോ രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് തനിക്ക് അറിയണം, അതിനായി റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കണം പരിശോധിക്കാന്‍. എന്നിട്ടേ പുറത്തുവിടാന്‍ പാടുള്ളൂ എന്ന ഹര്‍ജി ബെഞ്ചിന് മുമ്പില്‍ എത്തും മുമ്പേ സാംസ്‌കാരിക വകുപ്പിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഭാഷിണി തങ്കച്ചി റിപ്പോര്‍ട്ട് പുറത്തുവിട്ടു.
അതോടെ ”മാലപ്പടക്കം”അല്ല ”ബോംബ് മാല” തെരുവില്‍, പ്രസ്‌ക്ലബ്ബില്‍, ചാനലില്‍!
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍: ”കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ച് നാലര വര്‍ഷം അത് പൂഴ്ത്തിവെച്ച മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയും ചെയ്തത് ക്രിമിനല്‍ കുറ്റം. എത്ര വലിയവരാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ലൈംഗിക ചൂഷണത്തിനും ക്രിമിനല്‍വല്‍ക്കരണത്തിനും ലഹരി ഉപയോഗത്തിനും എതിരെ അന്വേഷണം നടത്തണം.
ഇത് കേട്ടാല്‍ തോന്നും അന്വേഷണ കമ്മീഷനുകള്‍ നിയമിക്കപ്പെട്ടിട്ട് ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും; ഉടനെ തുടര്‍നടപടികള്‍ കൈക്കൊള്ളും; തെറ്റ് ചെയ്തവര്‍ എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയവരെ….
എന്താണ് വാസ്തവം? ചരിത്രം എന്തു പറയുന്നു? 1952-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ‘കമ്മീഷന്‍ ഓഫ് എന്‍ക്വയറിസ് ആക്ട്’ പ്രാബല്യത്തില്‍ വന്നശേഷം നിരവധി ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷനുകള്‍ നിയമിക്കപ്പെട്ടിട്ടുണ്ട്. സിറ്റിംഗ് ജഡ്ജിനെ കമ്മീഷനാക്കണം എന്നാവശ്യപ്പെടും; റിപ്പബ്ലിക്കിന്റെ ആദ്യ വര്‍ഷങ്ങളില്‍ സിറ്റിങ് ജഡ്ജിമാര്‍ കമ്മീഷനുകളായിട്ടുണ്ട്. പിന്നെ സുപ്രീംകോടതി തന്നെ പറഞ്ഞു: സൗകര്യപ്പെടില്ല എന്ന്. വിചാരണ നടത്താന്‍ ആവശ്യമായ ന്യായാധിപന്മാരില്ലാതെ ആയിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഒരു കണക്ക്: അഴിമതി നിരോധന നിയമപ്രകാരം (പ്രിവന്‍ഷന്‍ ഓഫ് കറപ്ഷ ആക്റ്റ്) ഫയല്‍ ചെയ്ത (സിബിഐ അന്വേഷണാനന്തരം) 7157 അഴിമതി കേസുകള്‍ കെട്ടിക്കിടക്കുന്നു. (2012 ഏപ്രില്‍ മാസത്തേ കണക്ക്-ഇന്ത്യന്‍ എക്‌സ്പ്രസ് 01.04.2012) സംസ്ഥാനം തിരിച്ചുള്ള കണക്കുണ്ട്. ഇരുപത് കൊല്ലത്തിലധികം പഴക്കമുള്ള കേസുകളും കൂട്ടത്തിലുണ്ട്. പന്ത്രണ്ട് കൊല്ലം പിന്നിട്ടു.
സിറ്റിംഗ് ജഡ്ജിയില്ലെങ്കില്‍ റിട്ടയേഡ് ജഡ്ജി. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവിടുക. ഈ കാലാവധി കഴിഞ്ഞാല്‍ നീട്ടാം. എത്ര തവണ വേണമെങ്കിലും. ഒരു റെക്കോര്‍ഡ്; ലിബര്‍ഹാന്‍ കമ്മീഷന്‍. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കാന്‍ 1992 ഡിസംബറില്‍ ജ. ലിബര്‍ഹാനെ കമ്മീഷനായി നിയമിച്ചു. 48 പ്രാവശ്യം നീട്ടി. 17 കൊല്ലം കഴിഞ്ഞു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍. എന്നിട്ടോ? കുറ്റം ചെയ്തവരില്‍ എന്ന് ചൂണ്ടിക്കാട്ടിയവരുടെ പേരില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. 1984ലെ ഡല്‍ഹി കൂട്ടക്കൊല. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അംഗരക്ഷകരായ രണ്ടു സിക്കു സൈനികര്‍ അവരെ ഔദ്യോഗ ഭവനത്തിനടുത്ത് വച്ച് വധിച്ചു. പിന്നെ നാല് ദിവസം ഡല്‍ഹിയിലും പരിസരത്തും നടന്ന ”സിക്ക് മസാക്രേ.” ഔദ്യോഗിക കണക്കുപ്രകാരം 3350 സിക്കുകാര്‍ കൊലചെയ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം പതിനേഴായിരത്തോളം പേര്‍ എന്ന് റിപ്പോര്‍ട്ട്. ജസ്റ്റിസുമാരായ രംഗനാഥ മിശ്രയും നാനാവതിയും അന്വേഷണം നടത്തി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടാകണം. മേല്‍ നടപടികളില്ല. വന്‍മരം വീഴുമ്പോള്‍ അതിനടിയില്‍പ്പെടുന്ന സസ്യജാലങ്ങളുടെ കണക്ക് നോക്കാറുണ്ടോ? തുടര്‍ന്ന് പ്രധാനമന്ത്രി പദം കയ്യാളിയ രാജീവ് ഗാന്ധി പറഞ്ഞത്. സിക്കുകാരെ കശാപ്പ് ചെയ്യുന്നതിന് നേതൃത്വം നല്‍കിയ നേതാക്കന്മാര്‍ ഉന്നതങ്ങളില്‍ നിന്നും ഉന്നതങ്ങളിലേക്ക് ആരോഹണം!
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ തടയാന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു നിയമമുണ്ട്. ”വിശാഖാ നിയമം”. 2013ല്‍ പാസാക്കി പ്രാബല്യത്തില്‍ വരുത്തിയത്. ഇടയ്ക്കിടെ വിധിന്യായങ്ങള്‍ക്കിടയില്‍ പരാമര്‍ശിക്കപ്പെടാറുള്ളത് കൊണ്ട് നിയമം കാലഹരണപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്കാം. സിനിമാരംഗ വിശാഖാ നിയമത്തിന് പുറത്താണോ? അല്ലെങ്കില്‍, അത് പ്രകാരം കേസെടുക്കാമല്ലോ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page