മന്ത്രം രണ്ട്: സയഥാ ശകുനി:സ്ത്രത്രേണ പ്രബുദ്ധോ ദിശം ദിശം ദിശം
പതിത്വാ അന്യത്രായതനമലബ്ധ്വാ ബന്ധന മേപോ
പശ്രയത ഏവമേവഖല്യ സോമ്യ തന്മനോ ദിശം ദിശം
പതിത്വാന്യത്രായതനമലബധ്വാ പ്രാണമേവോപാശ്രയതേ,
പ്രാണബന്ധനം ഹി സോമ്യ മന ഇതി.
സാരം: ഒരു ചരടില്‍ കെട്ടിയിട്ടിരിക്കുന്ന ഒരു പക്ഷി പല ദിക്കിലേക്കും പറന്നുപോയി എവിടെയും വിശ്രമസ്ഥാനം ലഭിക്കാതെ ബന്ധനസ്ഥാനത്തേത്തന്നെ ആശ്രയിക്കുന്നതു പോലെ, മനസ്സ് ഓരോ ദിക്കിലേക്കും പറന്നുപോയി എവിടെയും വിശ്രമസ്ഥാനം ലഭിക്കാതെ, പ്രാണനെത്തന്നെ ആശ്രയിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഹേ സൗമ്യ, മനസ്സ് പ്രാണനെന്ന ബന്ധനസ്ഥാനത്തോടു കൂടിയതാണ്.
കഴിഞ്ഞ മന്ത്രത്തില്‍ പറഞ്ഞ കാര്യത്തെ ഒരു ഉദാഹരണത്തിന്റെ സഹായത്തോടെ ഗുരു വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെ മനസ്സിനെ ബന്ധനസ്ഥനായ ഒരു പക്ഷിയായി സങ്കല്‍പിച്ചിരിക്കുന്നു. ആഹാരം അന്വേഷിച്ച് ആ പക്ഷി എല്ലാ ദിക്കുകളിലേക്കും പറന്നുപോകുന്നു. എന്നാല്‍ ആ പക്ഷി ബന്ധനസ്ഥനാണ്. ആ പക്ഷിയെപ്പോലെ മനസ്സും വാസനാപ്രേരിതമായി സുഖമന്വേഷിച്ചുകൊണ്ട് ഓരോരോ വിഷയങ്ങളില്‍ അലയുന്നു. പക്ഷെ, ആ മനസ്സ് ആത്മാവെന്ന ശുദ്ധ ബോധത്തിന്റെ നിയന്ത്രണത്തിലാണ്. ജീവാത്മാവ് സഞ്ചിതമായ തന്റെ വാസനകളെ തൃപ്തിപ്പെടുത്താനായി മനസ്സ്, ഇന്ദ്രീയങ്ങള്‍, ശരീരം എന്നീ ഉപാധികളിലൂടെ വിഷയസേവ ചെയ്ത് ജാഗ്രത്തിലും സ്വപ്‌നത്തിലും അലയുന്നു. എന്നാല്‍ അത് ഉദ്ദേശിച്ച സുഖം അവയില്‍ നിന്നൊന്നും ലഭിക്കുന്നുമില്ല. ഇപ്രകാരം സുഖദുഃഖങ്ങള്‍ അനുഭവിച്ചു കൊണ്ട് ക്ഷീണിതനായ മനസ്സ് മുന്‍ സൂചിപ്പിച്ച പക്ഷിയെപ്പോലെ വിശ്രമത്തിനായി തന്റെ യഥാര്‍ത്ഥ സ്വരൂപമായ ശുദ്ധബോധത്തിലേക്കു തന്നെ തിരിച്ചുവരുന്നു. കഴിഞ്ഞ മന്ത്രത്തിലെ ആശയത്തേത്തന്നെ ആലങ്കാരികമായി ഈ മന്ത്രത്തില്‍ സൂചിപ്പിച്ചുവെന്നേ ഉള്ളു. മനസ്സിന്റെ ഈ തിരിച്ചുവരവാണ് സുഷുപ്തി. ലൗകിക വിഷയങ്ങളില്‍ അലഞ്ഞു തിരിയുന്നതു കൊണ്ട് യഥാര്‍ത്ഥ സുഖം കിട്ടില്ലെന്നും എല്ലാ സുഖങ്ങളുടെയും സ്രോതസ്സായ ആത്മചൈതന്യത്തിലേക്കാണ് സുഖകാംക്ഷികളായ മനുഷ്യര്‍ പോകേണ്ടതെന്നുമുള്ള സത്യമാണ് ഋഷി ഇവിടെ സൂചിപ്പിക്കുന്നത്.
(തുടരും)
