കാസര്‍കോട്:കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണസംഘത്തില്‍ നടന്ന കോടികളുടെ തട്ടിപ്പ് സംബന്ധിച്ച കേസ് ഒത്തുതീര്‍ക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് അന്വേഷണ സംഘത്തിനു വാക്കാല്‍ നിര്‍ദ്ദേശം ലഭിച്ചതായി സൂചന. പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ട ഇടപാടുകാര്‍ക്ക് അവ തിരിച്ചു കിട്ടാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടതില്ലെന്നുമാണ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശമെന്നും സൂചനയുണ്ട്.
സൊസൈറ്റിയില്‍ നടന്ന 4.76 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് 2024 മെയ് 13ന് ആണ് ആദൂര്‍ പൊലീസ് കേസെടുത്തത്. സംഘം സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ് ആണ് കേസിലെ മുഖ്യപ്രതി. തട്ടിപ്പ് പുറത്തായതോടെ രതീഷ് സസ്പെന്‍ഷനിലുമായി. രതീഷും കേസിലെ മറ്റൊരു മുഖ്യപ്രതിയായ കണ്ണൂരിലെ അബ്ദുല്‍ ജബ്ബാറും ഇപ്പോഴും റിമാന്റിലാണ്.
അതേ സമയം തട്ടിപ്പ് കേസില്‍ നേരത്തെ അറസ്റ്റിലായ പള്ളിക്കര പഞ്ചായത്തംഗവും മുസ്ലിംലീഗ് നേതാവുമായ ബേക്കല്‍, ഹദ്ദാദ് നഗറിലെ കെ. അഹമ്മദ് ബഷീര്‍ (60), അമ്പലത്തറ, പറക്കളായി, ഏഴാം മൈലിലെ എ. അബ്ദുല്‍ ഗഫൂര്‍ (26), കാഞ്ഞങ്ങാട്, അതിയാമ്പൂര്‍, നെല്ലിക്കാട്ടെ എ. അനില്‍ കുമാര്‍ (55) എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
ഇതിനിടയില്‍ കേസിലെ ആറു പ്രതികളുടെയും സ്വത്തു വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന സ്റ്റേറ്റ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രജിസ്ട്രേഷന്‍ വകുപ്പിനു കത്തു നല്‍കി. പ്രതികളുടെ പേരിലുള്ള വാഹനങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.