കാസര്‍കോട്: സ്‌കൂളിലെത്തും മുമ്പ് കഞ്ചാവ് ബീഡി വലിച്ച രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ കുമ്പള പൊലീസ് കയ്യോടെ പിടികൂടി. സംഭവം സംബന്ധിച്ച് ജുവൈനല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് രക്ഷിതാക്കളെയും അധ്യാപകരെയും വിളിച്ചുവരുത്തി ഉപദേശിച്ചുവിട്ടു.
വെള്ളിയാഴ്ച രാവിലെ കുമ്പള പൊലീസ് സ്റ്റേഷനു സമീപത്താണ് സംഭവം. വിവിധ കേസുകളില്‍ പൊലീസ് പിടികൂടി സൂക്ഷിച്ച വാഹനങ്ങള്‍ക്കിടയില്‍ ഏതാനും ദിവസമായി സ്‌കൂള്‍ കുട്ടികളെ സംശയകരമായ സാഹചര്യത്തില്‍ കാണുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. കെ. ശ്രീജേഷ്, പൊലീസുകാരായ വിനോദ്, ഗോകുല്‍ എന്നിവര്‍ വേഷം മാറി നിന്നാണ് കഞ്ചാവു വലിക്കുകയായിരുന്ന രണ്ടു വിദ്യാര്‍ത്ഥികളെ കയ്യോടെ പിടികൂടിയത്.
തുടര്‍ന്ന് രക്ഷിതാക്കളെയും കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ലഹരിവസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ത്ഥികളുടെ ഭാവിയേയും വിദ്യാഭ്യാസത്തേയും ഗുരുതരമായി ബാധിക്കുമെന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും പൊലീസ് ഉപദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാമെന്നും പൊലീസ് ഉറപ്പു നല്‍കി.
