കണ്ണൂര്‍: 17കാരിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നചിത്രം പകര്‍ത്തിയതായും പരാതി. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പീഡനത്തിനു ഇരയായ പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയില്‍ ചികിത്സയിലാണ്. പിലാത്തറ സ്വദേശി ഫയാസ്, ചെറുകുന്നിലെ യാസിം എന്നിവര്‍ക്കെതിരെയാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്. പയ്യന്നൂര്‍ പൊലീസ് സബ്ഡിവിഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍, എസ്.ഐ ഖദീജ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് യാസിം പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയംനടിച്ച് നിരന്തരം ചാറ്റിംഗ് നടത്തുകയും പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കുകയുമായിരുന്നുവെന്നു പറയുന്നു. ഈ ചിത്രങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വരുന്നതിനിടയിലാണ് പിന്നീട് പരിചയപ്പെട്ട ഫയാസ് ആഗസ്ത് 16ന് പെണ്‍കുട്ടിയെ കണ്ണൂരിലെ ഒരു റിസോര്‍ട്ടില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. ഇതോടെ പെണ്‍കുട്ടി മാനസികമായി തകര്‍ന്നു. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് ക്രൂരമായ പീഡനസംഭവം പുറത്തായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു രണ്ടു കേസുകളാണ് പെരിങ്ങോം പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
