ഉപ്പളയിലെ ഗതാഗത സ്തംഭനം: പൊറുതിമുട്ടി വിദ്യാര്‍ത്ഥികളും രോഗികളും; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

 

കാസര്‍കോട്: ഗതാഗത സ്തംഭനത്തില്‍ വീര്‍പ്പുമുട്ടി ഉപ്പള. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും, തടസ്സപ്പെടുത്തിയുമാണ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയുള്ള ദേശീയപാത നിര്‍മ്മാണമെന്നാണ് പരക്കെ ആക്ഷേപം. ഇതിനെതിരെ സന്നദ്ധ സംഘടനകളും, രാഷ്ട്രീയപാര്‍ട്ടികളും വലിയ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ബന്തിയോട് നിന്ന് തുടങ്ങുന്ന ഗതാഗത തടസം ഉപ്പള വരെ നീളുകയാണ്. ഉപ്പള ടൗണ്‍ കടന്ന് കിട്ടാന്‍ എടുക്കുന്ന സമയം രണ്ടു മണിക്കൂറിലേറെയാണ്. ഇത്രയും വലിയ ഗതാഗത തടസം നേരിടുമ്പോഴും ഉപ്പളയിലെ പൊലീസ് ഹൈഡ് പോസ്റ്റ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ടിക്കറ്റ് നിരക്കില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇളവില്ലാത്തത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ബസുകളെ ആശ്രയിച്ചു വേണം യാത്ര ചെയ്യാന്‍. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ നാലുമണിക്ക് സ്‌കൂള്‍ വിട്ടാല്‍ ഗതാഗത തടസം മൂലം വീട്ടിലെത്തുന്നത് രാത്രി 8 മണിയോടെ. ഇത് രക്ഷിതാക്കളില്‍ ഉണ്ടാക്കുന്ന ആശങ്ക വലുതാണ്. രോഗികള്‍ക്ക് ആംബുലന്‍സിലായാലും ബസിലായാലും ഗതാഗത തടസം മൂലം യാത്ര വൈകുന്നതും, സമയത്തിന് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതും രോഗികളുടെ ജീവന് ഭീഷണിയാവുന്നുണ്ട്. പ്രവാസികളുടെയും വരവും മടക്കയാത്രയും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സമയത്തിന് മംഗളൂരു എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെതന്നെയാണ് മംഗളൂരുവിലെ കച്ചവട ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്ന വ്യാപാരികള്‍ക്കും, കോളേജുകളില്‍ പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്കും സമയനഷ്ടം ഏറെ ദുരിതമുണ്ടാക്കുന്നു. ഇത്തരത്തില്‍ ഗൗരവമേറിയ പരാതികള്‍ ഉയര്‍ന്നു വന്നിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് നിര്‍മ്മാണ കമ്പനി അധികൃതരെന്ന് കുമ്പള മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രവി പൂജാരി പറഞ്ഞു. പ്രശ്‌നപരിഹാരം കണ്ടില്ലെങ്കില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യുഎല്‍സിസി ഓഫീസിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് രവി പൂജാരി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അമ്പലത്തറയിൽ കോടികളുടെ 2000 രൂപ നിരോധിത നോട്ട് പിടികൂടിയ കേസിലെ പ്രതി സ്പോൺസർ ചെയ്ത ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങിയ ബേക്കൽ പൊലീസ് പൊല്ലാപ്പിലായി; ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഫർണിച്ചറുകൾ തിരിച്ചു കൊടുത്തു

You cannot copy content of this page