കാസർകോട്: പ്രമുഖ കമ്പനിയുടെ ഓഹരികൾ വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്തു പടന്ന സ്വദേശിയുടെ 75 ലക്ഷത്തോളം രൂപ തട്ടിയ ഓൺലൈൻ തട്ടിപ്പ് സംഘത്തെ കോഴിക്കോട് എത്തിച്ചു കാസർകോട് സൈബർ പൊലീസ് നാടകീയമായി പിടികൂടി. കേസിലെ രണ്ടാം പ്രതി തമിഴ്നാട് സ്വദേശി ഗണേശൻ (41), മൂന്നാം പ്രതി തമിഴ്നാട് സ്വദേശി ഹമാദ് സയ്യിദ് കെൾവെട്രെ (35) എന്നിവരെയാണ് കാസർകോട് ജില്ലാ പൊലീസ് മേധാവി ബിജോയിയുടെ നിർദ്ദേശ പ്രകാരം സൈബർ പൊലീസ് പിടികൂടിയത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ അനൂബ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സവാദ്, സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവർ ചേർന്ന് നടകീയമായി പ്രതികളെ കോഴിക്കോട് എത്തിച്ച് പിടികൂടി. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. കാസർകോട് പടന്ന സ്വദേശിയെ ജെ എം സ്റ്റോക്ക് മാർക്കറ്റ് കമ്പനി പ്രതിനിധിൾ എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. എച്ച് സി എൽ കമ്പനിയുടെ ഓഹരികൾ വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി പല തവണയായി 74,25,999 രൂപ സംഘം തട്ടിയെടുത്തിരുന്നു.







