അശ്ലീല വീഡിയോകള്‍ കാണിച്ച് 6 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. കാസി ഖേഡ് ഗ്രാമത്തിലെ ജില്ലാ പഞ്ചായത്ത് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന പ്രമോദ് മനോഹര്‍ സര്‍ദാറിനെ(42)യാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇരയായ പെണ്‍കുട്ടികളുടെ മൊഴികളും രേഖപ്പെടുത്തി. അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം ആണ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് മൊബൈലില്‍ അശ്ലീല വിഡിയോ കാണിച്ച് ശരീരത്തില്‍ സ്പര്‍ശിച്ചത്. സ്‌കൂള്‍ അധ്യാപകനെക്കുറിച്ച് ചൈല്‍ഡ് ലൈനില്‍ പരാതി ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടികളില്‍ ചിലര്‍ 1098 എന്ന ഹെല്‍പ്പ് ലൈനില്‍ വിളിച്ചതായി പറയുന്നു. പരാതിയെ തുടര്‍ന്ന് ശിശുക്ഷേമ സമിതി അംഗങ്ങള്‍ ചൊവ്വാഴ്ച സ്‌കൂളില്‍ എത്തിയിരുന്നു. എട്ടാം ക്ലാസിലെ പെണ്‍കുട്ടികളുമായി സംസാരിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ നാലുമാസമായി ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് വിവരം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്ലാപൂര്‍ പട്ടണത്തിലെ ഒരു കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളില്‍ നാലുവയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ പുതിയ സംഭവം.