ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച പണം സമീപത്തെ സ്‌കൂളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി കുന്താപുരം ഹെമ്മാഡിയിലെ ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്ര ഭണ്ഡാരത്തിലെ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ക്ഷേത്രത്തില്‍ വെള്ളിയാഴ്ച സത്യനാരായണ പൂജ നടന്നിരുന്നു. നിരവധി ഭക്തര്‍ പൂജക്കായി എത്തിയിരുന്നു. അന്നു രാത്രിയിലാണ് മോഷണം നടന്നത്. വഴിപാട് പെട്ടിയില്‍ നിന്നും ക്ഷേത്ര പൂജാരിയുടെ മുറിയില്‍ നിന്നും പണം മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഹെമ്മാടി സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളിലെ വരാന്തിയില്‍ പണം അടങ്ങിയ ബാഗ് കളളന്‍ പിന്നീട് ഉപേക്ഷിച്ചിരുന്നു. അധ്യാപകരാണ് ശനിയാഴ്ച സ്‌കൂളിന്റെ വരാന്തയില്‍ പച്ച നിറത്തിലുള്ള ബാഗ് കണ്ടത്. എന്നിരുന്നാലും, അവര്‍ അത് കാര്യമായി എടുത്തില്ല. തിങ്കളാഴ്ച ബാഗ് അതേ സ്ഥലത്തുതന്നെ കിടന്നപ്പോള്‍ കൗതുകത്തോടെ വിദ്യാര്‍ഥികള്‍ തുറന്ന് നോക്കിയപ്പോഴാണ് പണം കണ്ടെത്തിയത്. തുടര്‍ന്ന് പ്രധാന അധ്യാപിക സംഭവം ക്ഷേത്ര ഭരണസമിതിയെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയുമായിരുന്നു. 45000 രൂപയാണ് മോഷ്ടിക്കപ്പെട്ടത്. പക്ഷെ ബാഗില്‍ നിന്ന് 3035 രൂപ മാത്രമാണ് കണ്ടെത്തിയത്. മോഷണത്തിനു ശേഷമുള്ള പശ്ചാത്താപം മൂലമാകാം പണം ഉപേക്ഷിച്ചതെന്നും ബാക്കി തുക മോഷ്ടാവ് മറ്റെവിടെയെങ്കിലും സൂക്ഷിച്ചിരിക്കാമെന്നുമാണ് സംശയിക്കുന്നത്.







