ഓണത്തിന് ബംഗളൂരുവില്‍ നിന്ന് സ്‌പെഷല്‍ ട്രെയിന്‍; ഇന്നുമുതല്‍ ഓടി തുടങ്ങും

 

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് ഓണത്തിന് നാട്ടിലേക്ക് വരാന്‍ കൊച്ചുവേളിയിലേക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഇരുദിശകളിലേക്കുമായി 13 സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു എസ് എം വി ടി കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഇന്ന് ഇന്നുമുതല്‍ ഓടി തുടങ്ങും. 16 എ സി ത്രീ ടിയര്‍ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്-ജനറേറ്റര്‍-ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് ട്രെയിനുകള്‍. സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകളില്ല. ഓഗസ്റ്റ് 20, 22, 25, 27, 29, സെപ്റ്റംബര്‍ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ്. രാത്രി ഒന്‍പത് മണിക്കാണ് ബംഗളൂരുവില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെടുക. പിറ്റേന്ന് ഉച്ചയ്ക്ക് 2:15ന് കൊച്ചുവേളിയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്.
കൊച്ചുവേളിയില്‍ നിന്നുള്ള മടക്കയാത്ര ഓഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബര്‍ രണ്ട്, നാല്, ആറ്, ഒന്‍പത്, 11, 13, 16, 18 തീയതികളിലാണ്. വൈകീട്ട് അഞ്ച് മണിയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ അടുത്തദിവസം രാവിലെ 10:30ന് ബംഗളൂരുവിലെത്തും. കേരളത്തില്‍ 11 സ്റ്റോപ്പുകളാണ് സ്‌പെഷ്യല്‍ ട്രെയിനുള്ളത്. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണിത്. സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും. അയല്‍ സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാന്‍ ഇത്തവണ കെഎസ്ആര്‍ടിസിയും കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് സര്‍വീസ്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page