കാസര്‍കോട്: സ്വന്തമായി സൈക്കിള്‍ വാങ്ങണമെന്ന ജീവിതാഭിലാഷം നിറവേറ്റാനാണ് ഒന്‍പത് വയസുകാരന്‍ മുഹമ്മദ് നിഹാല്‍ തനിക്ക് കിട്ടുന്ന നാണയത്തുട്ടുകള്‍ സമ്പാദ്യക്കുടുക്കയില്‍ നിക്ഷേപിച്ചത്. എന്നാല്‍ വയനാട്ടിലെ ദുരന്തം കേട്ടറിഞ്ഞ നിഹാല്‍ സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച തന്റെ മുഴുവന്‍ സമ്പാദ്യവും ദുരിതബാധിതര്‍ക്കുള്ള സഹായ ഫണ്ടിലേക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളിലെ 3-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിഹാല്‍. അതിനിടെ, നിങ്ങളുടേതായ കഴിവിനനുസരിച്ച് കഴിയുന്ന സഹായങ്ങള്‍ തിങ്കളാഴ്ച, സ്‌കൂളില്‍ വരുമ്പോള്‍ കൊണ്ടുവരണമെന്ന് ക്ലാസ്സ് ഗ്രുപ്പില്‍ ടീച്ചര്‍ അറിയിച്ചിരുന്നു. തന്റെ സന്തോഷത്തേക്കാള്‍ വിലപ്പെട്ടതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന നിലയില്‍ മനസറിഞ്ഞാണ് 1500 രൂപയോളം വരുന്ന സമ്പാദ്യ കുടുക്കയുമായി നിഹാല്‍ സ്‌കൂളിലെത്തിയത്. ‘നല്ലപാഠം ക്ലബ് ‘ ഒരു സഹായ പരിപാടിയിലൂടെ സമ്പാദ്യ കുടുക്ക അധ്യാപകര്‍ക്ക് കൈമാറി.
കുഞ്ഞു മനസ്സിന്റെ നന്മ തിരിച്ചറിഞ്ഞ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി മുഹമ്മദ് നിഹാലിന് പുത്തന്‍ സൈക്കിള്‍ സമ്മാനം നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.







