കണ്ണൂര്‍: തോട്ടടയില്‍ ബസ് ഓട്ടോയിലിടിച്ച് മരിച്ച കാസര്‍കോട് ബേക്കല്‍ സ്വദേശിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ബേക്കല്‍ വിഷ്ണുമഠത്തിനടുത്ത് ‘ഉഷാ’ലയത്തില്‍ ശ്രീനിവാസനാ(58)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തോട്ടട കൗസല്യ കമ്പനിക്കടുത്തായിരുന്നു അപകടം. മത്സ്യത്തൊഴിലാളിയായ ശ്രീനിവാസനും സുഹൃത്തുക്കളായ സോമനും പ്രകാശനും കരുണാകരനും മീന്‍വല വാങ്ങാനാണ് തലശേരിയിലേക്ക് പോയത്. ഓട്ടോയില്‍ തിരിച്ചുവരുമ്പോഴാണ് അപകടം. കണ്ണൂരില്‍നിന്ന് തലശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെവന്ന ബൈക്കിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. ഇടിയില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നിരുന്നു. അപകടത്തില്‍ ശ്രീനിവാസന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടു. ധര്‍മടം സ്വാമിക്കുന്നിലുള്ള നിതുല്‍ ഗിരീഷിന്റെ ഓട്ടോയിലാണ് ശ്രീനിവാസനും സുഹൃത്തുക്കളും സഞ്ചരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രകാശന്‍ അതിതീവ്രപരിചരണ വിഭാഗത്തിലാണ്. കണ്ണൂര്‍ തയ്യില്‍ സ്വദേശിയായ ശ്രീനിവാസന്‍ ബേക്കല്‍ വിഷ്ണുമഠത്തിനടുത്താണ് താമസം. ശ്രീനിവാസന്റെ അപകടമരണം ബേക്കല്‍ വിഷ്ണുമഠം പ്രദേശത്തുളളവരെയും മല്‍സ്യത്തൊഴിലാളികളെയും കണ്ണീരിലാഴ്ത്തി. ശങ്കരന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: രേഖ (ഉദുമ). മക്കള്‍: ശ്രീരാഗ് (മത്സ്യത്തൊഴിലാളി), ശ്രുതി, സൂര്യ. മരുമകള്‍: സുജീഷ സഹോദരങ്ങള്‍: പ്രസാദ്, പ്രദീപന്‍, ജയന്‍, ജയശ്രീ, പരേതരായ പുരുഷു, പ്രേമന്‍.







