കാപ്പ നിയമം ലംഘിച്ചു ജില്ലയിൽ കറങ്ങി നടന്ന നിരവധി മോഷണ കേസുകളിലും അബ്കാരി കേസുകളിലും പ്രതിയായ യുവാവ് വീണ്ടും അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ സ്വദേശി ജിതേഷി(40) നെ വളപട്ടണം എസ് ഐ ടിഎം വിപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയായതിനാൽ ഇയാളെ കാപ്പ ചുമത്തി കണ്ണൂർ ജില്ലയ്ക്ക് പുറത്ത് നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ കാപ്പ നിയമം ലംഘിച്ച് വീണ്ടും ജില്ലയിൽ പ്രവേശിച്ചതിനാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ പുതിയതെരുവിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ റേഞ്ച് ഡി ഐ ജി യുടെ നിർദ്ദേശപ്രകാരമുള്ള പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി. സിവിൽ പൊലീസ് ഓഫീസർമാരായ കിരൺ, ഷമീം എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.