ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. കാഷ്വാലിറ്റി ഒഴികെ മറ്റു ഒ.പികള്‍ പ്രവര്‍ത്തിക്കുന്നില്ല. 5 ദിവസമായി തുടരുന്ന സമരത്തില്‍ എയിംസ്, സഫ്ദര്‍ജങ്, ആര്‍എംഎല്‍ തുടങ്ങിയ ആശുപത്രികളിലെ അത്യാഹിതവിഭാഗം ഒഴികെയുളളവ പ്രവര്‍ത്തിക്കുന്നില്ല. രാജ്യത്ത് പലേടത്തും അവശരായ രോഗികള്‍ നിരാശയോടെ മടങ്ങുന്ന സാഹചര്യവുമുണ്ടായി. കേരളത്തില്‍ ഇന്നുരാവിലെ മുതല്‍ സമരം ആരംഭിച്ചു. വനിതാ ഡോക്ടര്‍ ബാലാല്‍സംഗത്തിനിരയായി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നുമുതല്‍ ആഗസ്റ്റ് 18 രാവിലെ 6 മണി വരെ ജോലിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാനാണ് ഐഎംഎ ദേശീയ ഘടകം ആഹ്വാനം ചെയ്തത്. അതേസമയം, വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂര്‍ണ സമരത്തില്‍ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യുന്നുണ്ട്. പിജി ഡോക്ടര്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎ ദേശീയ വ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ഐഎംഎ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ജനറല്‍ ആശുപത്രി പരിസരത്ത് ധര്‍ണയും പ്രതിഷേധ റാലിയും നടത്തി. ധര്‍ണക്കു ശേഷം നഗരം ചുറ്റി പ്രകടനം നടത്തി. ജനറല്‍ ആശുപത്രിയുള്‍പ്പടെയുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയുള്‍പ്പടെയുള്ള ആശുപത്രികളില്‍ അത്യാഹിത വിഭാഗം ഒഴികെയുള്ള വിഭാഗത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് വിട്ട് നിന്നു. ക്ലിനിക്കുകളും പ്രവര്‍ത്തിച്ചില്ല. അടിയന്തര ശാസ്ത്രക്രിയകളും പ്രസവ ചികില്‍സയും മാത്രം നടന്നു. സമരത്തിലുള്ള ഡോക്ടര്‍മാര്‍ കിടപ്പു രോഗികളെ പരിശോധിച്ചു. പ്രതിഷേധ ധര്‍ണ കെജിഎംഒഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ.എ ജമാല്‍ അഹ്‌മദ് ഉദ്ഘാടനം ചെയ്തു. ഐഎംഎ ജില്ലാ കണ്‍വീനര്‍ ഡോ.ബി നാരായണ നായിക് അധ്യക്ഷത വഹിച്ചു. ഐഎംഎ നേതാക്കളായ ഡോ.ജിതേന്ദ്ര റൈ, ഡോ.കാസിം ടി, ഡോ.പ്രജ്യേത് ഷെട്ടി, ഡോ.ജനാര്‍ദനനായിക് തുടങ്ങിയവര്‍ സംസാരിച്ചു.
പണിമുടക്കിയ ഡോക്ടര്‍മാര്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി കേന്ദ്രീകരിച്ച് ധര്‍ണയും പ്രതിഷേധ റാലിയും നടത്തി. ധര്‍ണ ഐഎംഎ ജില്ലാ ചെയര്‍പേഴ്‌സണ്‍ ഡോ.ദീപികാ കിഷോര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.വി സുരേശന്‍ അധ്യക്ഷത വഹിച്ചു. കെജിഎംഒഎ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഡോ.എടി മനോജ്, ഡോ.ടിവി പത്മനാഭന്‍, ഡോ.കിഷോര്‍കുമാര്‍, ഡോ.പി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
								







